കോഴിക്കോട് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച് ഡിവൈഎഫ്ഐ: ആറുപേർ ആശുപത്രിയിൽ

Breaking Kerala

കോഴിക്കോട്: മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടാനെത്തിയ യൂത്ത് കോൺ​ഗ്രസുകാരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചു. കൊടുവള്ളിക്കും കുന്നമംഗലത്തിനുമിടയിൽ താഴേ പടനിലം, ഉപ്പഞ്ചേരി വളവ് എന്നിവിടങ്ങളിലാണ് പ്രതിഷേധിക്കാനെത്തിയ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ ആക്രമിക്കപ്പെട്ടത്. ഡിവൈഎഫ്ഐക്കാരുടെ മർദ്ദനത്തിനിരയായ ആറ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുന്നമംഗലം മണ്ഡലം പ്രസിഡന്റ് അസീസ് മാവൂർ, സുജിത് കാഞ്ഞോളി, സിറാജ് പയടി മീത്തൽ, നവാസ് കുറ്റിക്കാട്ടൂർ, ഷബീർ പെരുമണ്ണ, മുഹമ്മദ്‌ യാസീൻ, എന്നിവർക്കാണ് പരുക്കേറ്റത്. റോഡരികിൽ നിന്നവരെ മർദിച്ചതിനു പുറമേ പൊലീസ് കസ്റ്റഡിയിലുള്ളയാളെയും ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. ഷഹിൻ പറഞ്ഞു.
കൊടുവള്ളിക്കും കുന്നമംഗലത്തിനുമിടയിൽ താഴേ പടനിലം, ഉപ്പഞ്ചേരി വളവ് എന്നിവിടങ്ങളിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടാനാണ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ എത്തിയത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്തുന്നതിന് മുൻപ് എത്തിയ ആംബുലൻസിന്റെ സൈറൺ കേട്ടാണ് യൂത്ത് കോൺഗ്രസുകാർ റോഡിലേക്ക് വന്നത്. ആംബുലൻസാണെന്ന് കണ്ട് മടങ്ങി പോകാൻ ഒരുങ്ങുമ്പോൾ പൊലീസ് എത്തി ഇവരെ തടഞ്ഞു.ആ സമയത്താണ് ഡിവൈഎഫ്ഐ പ്രവർത്തകർ എത്തി മർദനം തുടങ്ങിയത്.
നേരത്തേ, കണ്ണൂർ പഴയങ്ങാടിയിലും മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടാൻ യൂത്തുകോൺ​ഗ്രസ് ശ്രമിച്ചിരുന്നു. അപ്പോഴും ഡിവൈഎഫ്ഐക്കാർ യൂത്ത് കോൺഗ്രസുകാരെ മർദിച്ചിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണത്തെ ജീവൻ രക്ഷാപ്രവർത്തനം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പിന്നീട് വാർത്താസമ്മേളനത്തിൽ വിശേഷിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *