തൃശൂര്‍: നിര്‍ത്തിയിട്ടിരുന്ന കാറില്‍ പൊട്ടിത്തെറിയുണ്ടായതായി റിപ്പോർട്ട്. കാറിനുള്ളില്‍ ഉണ്ടായിരുന്ന പെര്‍ഫ്യും ചൂടാകുകയും പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിങ് സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലാണ് പൊട്ടിത്തെറിയുണ്ടായത്.
ശക്തമായ ചൂടില്‍ പെര്‍ഫ്യൂം ബോട്ടില്‍ ചൂടായതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത് എന്നാണ് പുറത്തു വരുന്ന വിവരം. അപകടത്തില്‍ കാറിന്റെ പിന്നിലെ ഗ്ലാസ് തകര്‍ന്നു.
അതേസമയം കാറിനുള്ളില്‍ നേരിട്ട് സൂര്യപ്രകാശം അടിക്കുന്ന ഇടങ്ങളില്‍ പെര്‍ഫ്യും ബോട്ടിലുകള്‍ സൂക്ഷിക്കുന്നത് അപകടങ്ങള്‍ക്കിടയാക്കുമെന്ന് ദുരന്ത നിവാരണ വിദഗ്ധരടക്കം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ശക്തമായ ചൂടില്‍ പെര്‍ഫ്യൂം അമിതമായി ചൂടാകുകയും ബോട്ടില്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യതയും കൂടുതലാണെന്നും മുന്നറിയിപ്പുകള്‍ ഉണ്ട്.