പെഡികോൺ 2024ന് മുന്നോടിയായി ശില്പശാല സംഘടിപ്പിക്കാൻ ആസ്റ്റർ മെഡ്‌സിറ്റി

Kerala

കൊച്ചി: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ അറുപത്തിയൊന്നാം ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് ആസ്റ്റർ മെഡ്‌സിറ്റി കൊച്ചിയിൽ പ്രത്യേക ശില്പശാല സംഘടിപ്പിപ്പിക്കുന്നു. ആസ്റ്റർ മെഡ്സിറ്റിയിലെ കുട്ടികളുടെ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ കൊച്ചിയിലെ പ്രമുഖ ആശുപത്രികളിൽ 23, 24 തീയതികളിലായി ശില്പശാലകൾ നടക്കും.

ആസ്റ്റർ മെഡ്സിറ്റിയിലെ നോളജ് ഹബ്ബിൽ കുട്ടികളുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവിധ ഉപവിഷയങ്ങളിൽ ഉന്നതനിലവാരമുള്ള ശില്പശാലകൾ സംഘടിപ്പിക്കും. ഡെവലപ്‌മെന്റൽ പീഡിയാട്രിക്സ്, കുട്ടികളുടെ ഹൃദയാരോഗ്യം, എൻഡോക്രിനോളജി, വൃക്കകളുടെ ആരോഗ്യം എന്നിവ ചർച്ചയാകും. പങ്കെടുക്കുന്നവർക്ക് നേരിട്ടുള്ള പ്രവർത്തനപരിചയം ലഭ്യമാകുന്ന തരത്തിൽ പ്രത്യേക എക്കോകാർഡിയോളജി ശില്പശാലയും പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുൾപ്പെടെ ഇന്ത്യക്കകത്തും പുറത്തുനിന്നുമുള്ള വിദഗ്ധ ഡോക്ടർമാരാണ് ശില്പശാലകൾക്ക് നേതൃത്വം നൽകാനെത്തുന്നത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കുട്ടികളുടെ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാർക്ക് സമഗ്രമായ പഠനാവസരമായിരിക്കും ഈ ശില്പശാലകളെന്ന് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ പീഡിയാട്രിക് വിഭാഗത്തിലെ മുതിർന്ന ഡോക്ടർ ജീസൺ സി ഉണ്ണി പറഞ്ഞു. വിവിധ ഡോക്ടർമാരെ ഒരുമിച്ച് കൊണ്ടുവന്ന് അവരുടെ അറിവും അനുഭവങ്ങളും പങ്കുവെച്ച് സഹകരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളുടെ ചികിത്സയിൽ ഡോ. ജീസൺ സി ഉണ്ണിയുടെ വൈദഗ്ധ്യവും അനുഭവസമ്പത്തും ആസ്റ്റർ മെഡ്സിറ്റിയിൽ നടക്കുന്ന ശില്പശാലയുടെ നേതൃത്വത്തിലും പ്രകടമാകും.

ജനുവരി 25 മുതൽ 28 വരെ കൊച്ചി ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലാണ് പ്രധാനസമ്മേളനം നടക്കുന്നത്. ഏഴായിരം പീഡിയാട്രിക് ഡോക്ടർമാർ അണിനിരക്കുന്ന ഈ മഹാസമ്മേളനത്തിന് 26 വർഷങ്ങൾക്ക് ശേഷമാണ് കേരളം ആതിഥേയത്വം വഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *