പത്തനംതിട്ട: കാണാതായ വീട്ടമ്മയെ 20 മണിക്കൂറിന് ശേഷം കിണറ്റില്‍ കണ്ടെത്തി. കാട്ടുപന്നിയെ കണ്ടു ഭയന്നോടിയാണ് എലിസബത്ത് ബാബു എന്ന വീട്ടമ്മ കിണറ്റില്‍ വീണത്.പത്തനംതിട്ട അടൂർ വയല പരുത്തിപ്പാറയിലാണ് സംഭവം. പ്ലാവിയില്‍ വീട്ടില്‍ എലിസബത്തിനെ ഫയർഫോഴ്സ് സംഘം എത്തിയാണ് രക്ഷിച്ചത്.
ഇന്നലെ വൈകുന്നേരം നാല് മണിയോടെ ആണ് എലിസബത്തിനെ കാണാതായത്. അന്വേഷണത്തിനിടെ ഇന്ന് ഉച്ചയ്ക്ക് 2.45 ന് അടുത്ത പുരയിടത്തിലെ കിണറ്റില്‍ നിന്നും കരച്ചില്‍ കേട്ടു. പന്നിയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാൻ ഓടി കിണറിന് മുകളിലേക്ക് കയറിയതാണ് എലിസബത്ത്.
കിണറിന് മുകളില്‍ നിരത്തിയിരുന്ന പലകകള്‍ ഒടിഞ്ഞ് കിണറ്റിലേക്ക് വീഴുകയായിരുന്നു. ഇതറിയാതെ വീട്ടുകാരും നാട്ടുകാരും ഇന്നലെ മുതല്‍ എലിസബത്തിനായി തിരച്ചില്‍ നടത്തുകയായിരുന്നു. തുടർന്നാണ് ഇന്ന് കിണറ്റില്‍ നിന്നും എലിസബത്തിനെ കണ്ടെത്തിയത്. ആഴമുള്ള കിണറ്റില്‍ നിന്നും ഇവരെ രക്ഷപ്പെടുത്താൻ നാട്ടുകാർ നടത്തിയ ശ്രമം വിഫലമായത്തിനെ തുടർന്നാണ് അടൂർ ഫയർ ഫോഴ്സിന്‍റെ സഹായം തേടിയത്. 50 അടിയോളം താഴ്‌ചയുള്ള കിണറ്റിലാണ് എലിസബത്ത് വീണത്. കിണറ്റില്‍ അഞ്ച് അടിയോളം വെള്ളമുണ്ട്.
സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്‍റെ നേതൃത്വത്തില്‍ അടൂർ ഫയർ ഫോഴ്സ് സ്ഥലത്തെത്തി. ഗ്രേഡ് അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ അജികുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അഭിലാഷ് എന്നിവർ കിണറ്റിലിറങ്ങി നെറ്റിന്‍റെയും കയറിന്‍റെയും സഹായത്തോടെ എലിസബത്തിനെ രക്ഷപ്പെടുത്തുകയായിരുന്നു.