പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു

Breaking Kerala

പത്തനംതിട്ട: കെ.എസ്.ആർ.ടി.സി പത്തനംതിട്ട ഡിപ്പോ കോവിഡിനെ തുടർന്ന് നിർത്തിവെച്ച ചെയിൻ സർവിസുകള്‍ രണ്ടു വർഷത്തിന് ശേഷം പുനരാരംഭിക്കുന്നു. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ സർവിസുകള്‍ തുടങ്ങാൻ നിർദേശം നല്‍കി.

ചെങ്ങന്നൂർ, തിരുവല്ല, പുനലൂർ-മുണ്ടക്കയം സർവിസുകള്‍ ഒരാഴ്ചക്കുള്ളില്‍ ആരംഭിക്കുമെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു. പ്രതിദിനം 14,000 മുതല്‍ 17,000 രൂപ വരെ വരുമാനം ലഭിച്ചിരുന്ന സർവിസുകളാണ് നിലച്ചത്. കോവിഡ് കാലത്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയ 12 ബസുകള്‍ അടുത്ത ദിവസങ്ങളില്‍ പത്തനംതിട്ടയില്‍ തിരികെയെത്തിക്കും.

സംസ്ഥാനത്ത് കൂടുതല്‍ വരുമാനം ലഭിക്കുന്ന ഡിപ്പോകളിലൊന്നാണ് പത്തനംതിട്ട. പ്രതിദിനം 13.5 ലക്ഷം രൂപയാണ് ശരാശരി വരുമാനം. ഇത് 21 ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.സർവിസുകള്‍ മുടങ്ങിയതിനെ തുടർന്ന് ചെങ്ങന്നൂർ, പുനലൂർ, മുണ്ടക്കയം റൂട്ടുകളില്‍ യാത്രാക്ലേശം തുടരുകയാണ്. ഡിപ്പോയില്‍ ലഭിച്ച പരാതികള്‍ ഡി.ടി.ഒ തോമസ് മാത്യു ഗതാഗതമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടർന്നാണ് ചെയിൻ സർവിസുകള്‍ പുനരാരംഭിക്കാൻ നടപടിയായത്.

പത്തനംതിട്ട-തിരുനെല്ലി സൂപ്പർ ഡീലക്സ് സർവിസ് കഴിഞ്ഞ ദിവസം മുതല്‍ സൂപ്പർ ഫാസ്റ്റായി സർവിസ് നടത്തിത്തുടങ്ങി. സൂപ്പർ ഡീലക്സില്‍നിന്ന് വരുമാനം കുറഞ്ഞതിനെ തുടർന്നാണ് സൂപ്പർ ഫാസ്റ്റാക്കിയത്. ദിവസവും വൈകീട്ട് അഞ്ചിന് പത്തനംതിട്ടയില്‍നിന്ന് പുറപ്പെടും. തിരുനെല്ലിയില്‍നിന്ന് വൈകീട്ട് മൂന്നിന് തിരിച്ചും പുറപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *