പത്തനംതിട്ട: ഓടിക്കൊണ്ടിരുന്ന കാറിന് നേരെ കാട്ടുപോത്തിന്റെ ആക്രമണം. പഞ്ചാരമണ്ണിനു സമീപത്ത് വച്ചാണ് കാട്ടുപോത്ത് കാറിന് നേരെ പാഞ്ഞടുത്തത്.വാഹനത്തിലുണ്ടായിരുന്നവർ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ആക്രമണത്തില്‍ കാറിന്റെ മുൻവശം തകർന്നു. തുലാപ്പള്ളിയില്‍ നിന്നും ആങ്ങമൂഴിയിലേക്ക് വരികയായിരുന്ന കാറിന് നേരെയാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്.
ഇന്നലെ ഉച്ചയ്ക്ക് 2.25-ഓടെയായിരുന്നു സംഭവം. തുലാപ്പള്ളി ആറാട്ടുക്കയം തിനയംപ്ലാക്കല്‍ ടിഎം ഷിനു ഇയാളുടെ അയല്‍വാസി ശശികുമാർ എന്നിവരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. കാറിന് മുകളിലേക്കാണ് കാട്ടുപോത്ത് വന്ന് ഇടിച്ചത്.
സംഭവത്തിന് പിന്നാലെ കാട്ടുപോത്ത് സമീപത്തെ കാട്ടിലേക്ക് ഓടിയെന്ന് യാത്രികർ പറഞ്ഞു. കണമല, പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി സംഭവ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.