പാസ്പോർട്ട് സേവാകേന്ദ്രം ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് തോമസ് ചാഴികാടൻ എംപി

Kerala

കോട്ടയം: കോട്ടയത്തിന് ക്രിസ്മസ് പുതുവത്സര സമ്മാനമായി പാസ്പോർട്ട് സേവാകേന്ദ്രം ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് തോമസ് ചാഴികാടൻ എം.പി. ഇതിനായുള്ള എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കിയതായി എം.പി അറിയിച്ചു. പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ പ്രവർത്തനം തുടങ്ങാൻ തടസ്സമായി നിന്നിരുന്ന ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ അനുമതി എം.പി നേരിട്ട് ഇടപെട്ട് തടസ്സം നീക്കിയതോടെയാണ് പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ പ്രവർത്തനത്തിനുള്ള നടപടിക്രമങ്ങൾ വേഗത്തിലായത്. കോട്ടയം റെസ്റ്റ് ഹൗസിന് സമീപം ഒലീവ് അപ്പാർട്ട്മെന്റിലാണ് പാസ്പോർട്ട് സേവാ കേന്ദ്രത്തിനായി സ്ഥലം കണ്ടെത്തിയത്. കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകളിലായി 14000 ചതുരശ്ര അടി വിസ്‌തീർണമുള്ളസ്ഥലമാണ് സ്ഥാപനത്തിന്റെ നടത്തിപ്പ് ചുമതലയുള്ള  ടാറ്റ കൺസൾട്ടൻസി സർവീസസ് ഇതിനായി പ്രവർത്തനസജ്ജമാക്കിയത്.

ഓഫീസിലേക്കുള്ള ഉപകരണങ്ങൾ, അതിവേഗ ഇന്റർനെറ്റ്, കമ്പ്യൂട്ടറുകൾ, എ.സി എന്നിവ സജ്ജമായി. ഓഫീസിൽ എത്തുന്നവർക്ക് ഇരിക്കാനുള്ള സൗകര്യം തയ്യാറായി. ഒരാൾക്ക് 35 മിനിറ്റിനകം സേവനം പൂർത്തിയാക്കി ഓഫീസിൽ നിന്നും മടങ്ങാനാകും. അപേക്ഷകർക്ക് മൂന്ന് സെക്ഷനുകളായാണ് സേവനം ഒരുക്കിയിട്ടുള്ളത്. എല്ലാ കുരുക്കും പരിഹരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂർത്തികരിക്കും. അതിനു ശേക്ഷം ടാറ്റാ കൺസൾട്ടൻസി സർവീസസ് വിവരം വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കും. വിദേശകാര്യ മന്ത്രാലയം നിശ്ചയിക്കുന്ന ദിവസം കോട്ടയം പാസ്‍പോർട്ട് സേവാ കേന്ദ്രത്തിന്റെ പുനർ പ്രവർത്തനം ആരംഭിക്കുമെന്നും എം.പി അറിയിച്ചു.
കോട്ടയത്ത് പ്രവർത്തിച്ചിരുന്ന പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ പ്രവർത്തനം 2023 ഫെബ്രുവരി 16നാണ് താൽക്കാലികമായി നിർത്തി വയ്ക്കുവാൻ നിർദേശം വന്നത്. അന്നേ ദിവസം കെട്ടിടത്തിന് ഉലച്ചിൽ ഉണ്ടായി എന്നായിരുന്നു വിദേശകാര്യ മന്ത്രാലയം നൽകിയ വിശദീകരണം.

അന്ന് തന്നെ റീജണൽ പാസ്പോർട്ട് ഓഫിസുമായി എം.പി ബന്ധപ്പെട്ടപ്പോൾ കെട്ടിടത്തിന്റെ സുരക്ഷ പരിശോധന നടത്തിയ സിപിഡബ്ലുഡി (സെൻട്രൽ പബ്ലിക് വർക്സ് ഡിപ്പാർട്ട്മെന്റ്) ഇക്കാര്യം സ്ഥിരീകരിച്ചതായി അറിയിച്ചു. പിറ്റേന്ന് തന്നെ എം.പി ഡൽഹിയിലെ ചിഫ് പാസ്പോർട്ട് ഓഫിസറെ കണ്ടപ്പോൾ കോട്ടയം ഓഫിസിന്റെ ചുമതല ആലപ്പുഴ പാസ്പോർട്ട് സേവാകേന്ദ്രം, എറണാകുളം ജില്ലയിൽ കോട്ടയം മണ്ഡലത്തിൽ തന്നെയുള്ള കരിങ്ങാച്ചിറ പാസ്പോർട്ട് സേവാകേന്ദ്രം, ആലുവ പാസ്പോർട്ട് സേവാകേന്ദ്രം എന്നിവിടങ്ങളിലേക്ക് പുനക്രമീകരിച്ചു. എന്നാൽ ഇത് കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ സേവനം ലഭിച്ചിരുന്ന പ്രദേശങ്ങളിലെ അപേക്ഷകർക്ക് വലിയ ദുരിതമായി. ഇതോടെ എം.പി വിദേശകാര്യ മന്ത്രിയെ നേരിൽ കണ്ടു. ലോക്സഭയിൽ സബ്മിഷൻ ഉന്നയിച്ചു. ചട്ടം 377 പ്രകാരം സഭയിൽ വിഷയം വീണ്ടും ഉന്നയിച്ചു. പിന്നാലെ വിദേശകാര്യ മന്ത്രിയെ വീണ്ടും നേരിൽ കണ്ട് നിവേദനം നൽകി.നിരന്തരമായ ഇടപെടലുകൾക്കൊടുവിൽ പാസ്പോർട്ട് സേവാ കേന്ദ്രം കോട്ടയത്ത് തന്നെ നിലനിർത്തുമെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി എസ്. ജയശങ്കർ ഉറപ്പു നൽകി. കോട്ടയത്ത് പുതിയ കെട്ടിടം കണ്ടെത്തിയെന്നും ഓഫീസ് പ്രവർത്തനം ഒക്ടോബർ അവസാനം തുടങ്ങുമെന്നുമായിരുന്നു ഉറപ്പ്.

Leave a Reply

Your email address will not be published. Required fields are marked *