ന്യൂഡൽഹി: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗം ആരംഭിച്ചു. ഡിസംബർ 4 മുതൽ 22 വരെയാണ് ശൈത്യകാല സമ്മേളനം. പാർലമെൻ്റിൻ്റെ സുഗമമായ നടത്തിപ്പ് ലക്ഷ്യം വെച്ചാണ് പാർലമെൻ്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി സർവ്വകക്ഷി യോഗം വിളിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ നാളെ നടക്കുന്നതിനാലാണ് സമ്മേളനം ആരംഭിക്കുന്നതിന് ഒരു ദിവസം മുൻപ് സർവ്വകക്ഷി യോഗം വിളിച്ചത്.
മുൻ കാലത്ത് പാർലമെന്റ് സമ്മേളനത്തിൻ്റെ തലേദിവസമാണ് യോഗം ചേരാറുള്ളത്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറാം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം സമ്മേളനത്തിൽ പ്രതിഫലിക്കുമെന്നുറപ്പാണ്. ഉത്തരകാശി തുരങ്ക ദുരന്തം, തൊഴിലില്ലായ്മ, മണിപ്പൂർ അടക്കം പ്രതിപക്ഷം ഉയർത്തുന്ന വിഷയങ്ങൾ പാർലമെന്റ് ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷ ആവശ്യം. പുതിയ പാർലമെൻ്റ് മന്ദിരത്തിലായിരിക്കും ഇത്തവണ പൂർണ്ണമായും സഭ ചേരുക.