പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യ സൂത്രധാരന്‍ ലളിത് ഝാ ആക്രമണത്തിന്റെ വീഡിയോ സുഹൃത്തുമായി പങ്കുവെച്ചിരുന്നതായി വെളിപ്പെടുത്തല്‍. പശ്ചിമ ബംഗാള്‍ സ്വദേശിയായ സൗരവ് ചക്രവര്‍ത്തിക്കാണ് ഫേസ്ബുക്കിലൂടെ ലളിത് വീഡിയോ അയച്ചത്. ‘ജയ് ഹിന്ദ്’ എന്ന് പറയുന്നതിന് മുമ്പ് തന്നെ വീഡിയോ പ്രചരിപ്പിക്കാന്‍ സൗരവ് ചക്രവര്‍ത്തിയോട് ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. മെയ് 14 മുതല്‍ തനിക്ക് ലളിത് ഝായെ അറിയാമെന്നും ഫേസ്ബുക്കിലൂടെയാണ് കണ്ടുമുട്ടിയതെന്നും സൗരവ് ഇന്ത്യ ടുഡേ ടിവിയോട് വെളിപ്പെടുത്തി. എന്നാല്‍, ഝായുടെ പദ്ധതിയെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ഞങ്ങള്‍ ഫേസ്ബുക്കിലൂടെയാണ് കണ്ടുമുട്ടിയത്. സോഷ്യല്‍ മീഡിയയിലെ എന്റെ പോസ്റ്റുകള്‍ക്ക് അദ്ദേഹം ലൈക്കും കമന്റും ചെയ്യാറുണ്ടായിരുന്നു. എന്റെ ഫേസ്ബുക്ക് പോസ്റ്റുകളിലും അദ്ദേഹം പിന്തുണയറിയിച്ചിരുന്നു. മെയ് 14 മുതല്‍ എനിക്ക് അദ്ദേഹത്തെ അറിയാം, പക്ഷേ അദ്ദേഹം എന്നോട് ഇക്കാര്യത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല,’ സൗരവ് പറഞ്ഞു.
എന്നാല്‍ ‘1947 ന് മുമ്പ്’ അങ്ങനെയൊരു സംഭവം നടന്നിരുന്നെങ്കില്‍ താന്‍ പിന്തുണയ്ക്കുമായിരുന്നുവെന്നും അത് ഇപ്പോള്‍ ആവശ്യമില്ലെന്നും സൗരവ് കൂട്ടിച്ചേര്‍ത്തു. ‘ലളിത് ഝാ സാമൂഹിക നീതിയെയും ക്ഷേമത്തെയും കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു. അത്തരമൊരു പദ്ധതിയെക്കുറിച്ച് അദ്ദേഹം എന്നോട് പറയുകയോ സൂചനകള്‍ നല്‍കുകയോ ചെയ്തിട്ടില്ല. കൊല്‍ക്കത്തയിലെ രണ്ട് റാലികളില്‍ വെച്ചാണ് താന്‍ ഝായെ കണ്ടത്. ഒരിക്കല്‍ ഒരു റാലിക്കായി ഉത്തര്‍പ്രദേശില്‍ തങ്ങാനുള്ള ക്രമീകരണങ്ങള്‍ ലളിത് ഏര്‍പ്പെടുത്തിയിരുന്നു’, സൗരവ് വിശദീകരിച്ചു. ലളിത് ഝാ സഹായമനസ്‌കനായ വ്യക്തിയാണെന്നും സൗരവ് പറഞ്ഞു.
ഇതിനിടെ രാജ്യത്തെ ഞെട്ടിച്ച പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. പാര്‍ലമെന്റ് സമുച്ചയത്തില്‍ നടന്ന സംഭവം നിര്‍ഭാഗ്യകരവും ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. നടന്നത് ആഴത്തില്‍ അന്വേഷിക്കേണ്ടതുണ്ട. നിലവില്‍ അന്വേഷണ ഏജന്‍സികള്‍ നന്നായി അന്വേഷിക്കുന്നുണ്ട്. ഇതോടൊപ്പം ഇത്തരം വിഷയങ്ങളിലെ വാദ-പ്രതിവാദങ്ങള്‍ എല്ലാവരും ഒഴിവാക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഒരു ഹിന്ദി പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി പ്രതികരിച്ചത്.
‘പാര്‍ലമെന്റില്‍ നടന്ന സംഭവത്തിന്റെ ഗൗരവം ഒട്ടും കുറച്ചുകാണേണ്ടതില്ല. അതുകൊണ്ട് തന്നെ സ്പീക്കര്‍ തികഞ്ഞ ഗൗരവത്തോടെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. എന്താണ് ഇതിന് പിന്നിലെ ഘടകങ്ങള്‍, അവരുടെ ഉദ്ദേശ്യങ്ങള്‍ എന്തൊക്കെയാണ്? ഇത് ആഴത്തില്‍ മനസിലേക്കേണ്ടതും പ്രധാന്യമര്‍ഹിക്കുന്ന കാര്യമാണ്. അന്വേഷണ ഏജന്‍സികളും നല്ലരീതിയില്‍ അന്വേഷിക്കുന്നുണ്ട്. ഒരേ മനസ്സോടെ സമാധാനത്തിന്റെ വഴിയിലൂടെ അന്വേഷിക്കേണ്ടതുണ്ട്. എല്ലാവരും ഇത്തരം വിഷയങ്ങളില്‍ വാദ-പ്രതിവാദങ്ങള്‍ ഒഴിവാക്കണം’, മോദി പറഞ്ഞു.
പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയുടെ പേരില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെതിരെ തുടര്‍ച്ചയായി ആക്രമണം നടത്തുകയാണ്. ഈ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇരുസഭകളിലും പ്രസ്താവന നടത്തണമെന്നും അതിനുശേഷം പാര്‍ലമെന്റിന്റെ സുരക്ഷ സംബന്ധിച്ച് ചര്‍ച്ച നടത്തണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ഡിസംബര്‍ 13ന് പാര്‍ലമെന്റിനു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ വാര്‍ഷികദിനത്തിലാണ് ലോക്‌സഭയില്‍ അപ്രതീക്ഷിത സംഭവം അരങ്ങേറിയത്. രണ്ട് പേര്‍ പാര്‍ലമെന്റില്‍ പ്രവേശിച്ച് പ്രതിഷേധിക്കുകയായിരുന്നു. സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന് ചേംബറിലേക്ക് കടന്ന രണ്ട് യുവാക്കള്‍ ചെരുപ്പില്‍ ഒളിപ്പിച്ച സ്മോക്ക് ഗ്യാസ് ഉപയോഗിച്ചാണ് പ്രതിഷേധിച്ചത്. ഇതോടെ സഭയ്ക്കുള്ളില്‍ പുക പടര്‍ന്നു. ലഖ്‌നൗ സ്വദേശിയായ സാഗര്‍ ശര്‍മ, മൈസൂര്‍ സ്വദേശി മനോരഞ്ജന്‍ ഡി എന്നിവരാണ് അക്രമം നടത്തിയത്. ഇവരെ ഉടന്‍ തന്നെ എംപിമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടി.
അതേ സമയം പാര്‍ലമെന്റിന് പുറത്ത് ഇവര്‍ക്കൊപ്പം എത്തിയ രണ്ട് പേര്‍ പ്രതിഷേധിച്ചു. നീലം, അമോല്‍ ഷിന്‍ഡെ എന്നിവരാണ് സ്മോക്ക് ഗ്യാസ് ഉപയോഗിച്ച് പ്രതിഷേധിച്ചത്. ഇവര്‍ പാര്‍ലമെന്റ് ഗേറ്റിന് പുറത്ത് ട്രാന്‍സ്‌പോര്‍ട്ട് ഭവനിലേക്ക് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഉടന്‍ തന്നെ പോലീസ് ഇരുവരെയും.
പാര്‍ലമെന്റ് ആക്രമണ വീഡിയോ ലഭിച്ചു, പ്രചരിപ്പിക്കാന്‍ ആവശ്യപ്പെട്ടു’; വെളിപ്പെടുത്തലുമായി മുഖ്യപ്രതിയുടെ സുഹൃത്ത്
