പറവൂർ: പറവൂർ-കോട്ടക്കാവ് സെന്റ് തോമസ് ഫെറോന പള്ളിയിൽ പരിശുദ്ധ കന്യകാമാതാവിന്റെ ശുദ്ധീകരണ ദർശന തിരുന്നാളും വിശുദ്ധന്മാരായ സെബാസ്ത്യാനോസിന്റെയും പ്രോത്താസീസിന്റെയും ഗർവാസീസിന്റെയും അനുസ്മരണ തിരുന്നാളും ഫെബ്രുവരി 8 മുതൽ നടക്കും. തിരുന്നാളിന്റെ ഭാഗമായി ഫെബ്രുവരി ഒന്നു മുതൽ 7 വരെ നൊവേന ദിനങ്ങൾ ആചരിക്കും. എട്ടിന് രാവിലെ റവ. ഫാ. ജോസ് പുതിയേടത്തിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന നടക്കും. റവ. ഫാ. ജോൺസൺ കക്കാട്ടിന്റെ നേതൃത്വത്തിൽ ആരാധനാ സമാപനവും പ്രസംഗവും ഉണ്ടാകും. തുടർന്ന് തിരുനാൾ കൊടിയുയർത്തൽ നടക്കും. യൂണിറ്റ് അടിസ്ഥാനത്തിലും വിവിധ ദേവാലയങ്ങളിൽ പൊതു ആരാധന നടക്കും. അന്നേദിവസം തന്നെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കുമ്പസരിക്കാൻ സൗകര്യമുണ്ടാകും. 9ന് പ്രസുദേന്തിവാഴ്ച ദിനം ആചരിക്കപ്പെടും. പുലർച്ചെ വിശുദ്ധ കുർബാന നടക്കും. റവ. ഫാ. ക്ലോഡിൻ ബിവേരയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുക. വൈകുന്നേരം ഇടവകയിലെ യൂണിറ്റുകളുടെ അടിസ്ഥാനത്തിൽ കലാപരിപാടികൾ സർഗ്ഗസന്ധ്യ നടക്കും. 10ന് വേസ്പര ദിനം ആചരിക്കും. രാവിലെ യൂണിറ്റുകളിലേക്കുള്ള അമ്പ് എഴുന്നള്ളിക്കൽ ചടങ്ങ് നടക്കും. തുടർന്ന് വൈകുന്നേരം ആഘോഷമായ പാട്ടു കുർബാന നടക്കും. റവ. ഫാ. ജോയ്സൺ പുതുശ്ശേരി ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും. റവ. ഫാ. ജോളി വടക്കൻ പ്രസംഗം നടത്തും. 11ന് ഞായറാഴ്ച തിരുനാൾ ദിനം ആചരിക്കും. തിരുനാൾ പാട്ടു കുർബാനയ്ക്ക് റവ. ഫാ. ജോയ് പ്ലാക്കൽ നേതൃത്വം നൽകും. റവ. ഫാ. വർഗീസ് പാലാട്ടി പ്രസംഗിക്കും. തുടർന്ന് രാത്രി 9ന് തിരുനാൾ കൊടിയിറക്കം നടക്കും. അതിനു പിന്നാലെ തിരുവനന്തപുരം മെട്രോ വോയിസ് അവതരിപ്പിക്കുന്ന മെഗാ ഹിറ്റ് ഗാനമേള അരങ്ങേറും. 12ന് രാവിലെ മരിച്ചവരുടെ ഓർമ കുർബാനകൾ നടക്കും.