പാനൂരില്‍ ബോംബ് നിര്‍മ്മിച്ചത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

Breaking Kerala

കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മ്മിച്ചത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടെന്ന് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ബോംബ് നിര്‍മാണത്തെക്കുറിച്ച് മുഴുവന്‍ പ്രതികള്‍ക്കും അറിവുണ്ടായിരുന്നു. ഡി.വൈ.എഫ്.ഐ. കൂനോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാലാണ് മുഖ്യ ആസൂത്രകനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡി.വൈ.എഫ്.ഐ. ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. അമല്‍ ബാബു ബോംബുകള്‍ ഒളിപ്പിച്ചു. സ്ഫോടന സ്ഥലത്ത് മണല്‍ കൊണ്ടിട്ട് തെളിവ് നശിപ്പിക്കാനും പ്രതികള്‍ ശ്രമിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നെന്നും റിപ്പോര്‍ട്ട് പറയുന്നു.

പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവര്‍, പ്രതികള്‍ക്ക് ബോംബ് ഉണ്ടാക്കാന്‍ വേണ്ട സാമഗ്രികള്‍ എത്തിച്ചുനല്‍കിയവര്‍ തുടങ്ങിയവരെയെല്ലാം കണ്ടെത്തേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു. സ്റ്റീല്‍ ബോംബ് നിര്‍മ്മാണത്തിന് പ്രതികള്‍ക്ക് പരിശീലനം എവിടുന്ന് കിട്ടിയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. രാഷ്ട്രീയ ബന്ധമുള്ള പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പ്രതികള്‍ രാഷ്ട്രീയ എതിരാളികളെ കൂടി ലക്ഷ്യമിട്ടിരുന്നതായി വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *