കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ നിര്‍മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കൂത്തുപറമ്പ് എസിപി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചത്. സംഭവ സ്ഥലത്തുനിന്നു കണ്ടെടുത്ത മുഴുവന്‍ ബോംബുകളും നിര്‍വീര്യമാക്കിയതായി കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ അജിത്ത് കുമാര്‍ പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിക്കായിരുന്നു സ്ഫോടനം. പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില്‍ നിന്ന് ബോംബ് നിര്‍മിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ മുഖത്തു ഗുരതരമായി പരിക്കേറ്റ മൂളിയാത്തോട് കാട്ടിന്റവിട ഷെറിന് (31) മരണപ്പെട്ടിരുന്നു. നാല് പേര്‍ക്കായിരുന്നു പരിക്ക്. സ്ഫോടനത്തില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ മകന് കൂടിയായ മൂളിയാത്തോട് വലിയപറമ്പത്ത് വിനീഷിന്റെ ഇരുകൈകളും അറ്റുപോയിരുന്നു. വീനിഷ് കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം തന്നെ രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തലത്തിലാണ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചത്. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.
പാനൂർ സ്ഫോടനം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
