ആലപ്പുഴ: പാണാവള്ളി ഗ്രാമ പഞ്ചായത്തിലെ വികസന മുരടിപ്പിൽ പ്രതിഷേധിച്ചു യു. ഡി. എഫ് പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. പാണാവള്ളി പഞ്ചായത്തിലെ റോഡുകളുടെ നവീകരണത്തിനായി തദ്ദേശ സ്വയം ഭരണ വകുപ്പ് റോഡ് മൈന്റെനൻസ് ഗ്രാന്റ് ആയി ഒരു കോടി എൺപത്തി അഞ്ച് ലക്ഷം രൂപ അനുവദിക്കുകയും അത് പ്രകാരം എസ്റ്റിമേറ്റ് എടുത്ത് ടെൻഡർ നടപടികളിലേക്ക് കടന്നപ്പോൾ ഫണ്ട് പിൻവലിച്ചു കൊണ്ടുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചും, തെരുവ് വിളക്കുകൾ തെളിയിക്കുന്നതിൽ പഞ്ചായത്ത് കാട്ടുന്ന അനാസ്ഥ യ്ക്കെതിരെയും, അഗതി ആശ്രയ ഗുണഭോക്താക്കൾക്ക് ഒരു വർഷമായി നൽകാതിരിക്കുന്ന സൗജന്യ പോഷകാഹാര കിറ്റ് അടിയന്തിരമായി വിതരണം ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും, തെരുവ് നായ്ക്കളുടെ ശല്യം പരിഹരിക്കാൻ ഷെൽട്ടർ ഒരുക്കണമെന്നും അവശ്യപ്പെട്ടുകൊണ്ടാണ് സമരം ചെയ്തത്.
പാണാവള്ളി പഞ്ചായത്ത് കോൺഗ്രസ് പാർലിമെന്ററി പാർട്ടി ലീഡർ അഡ്വ. എസ്. രാജേഷ്, ബേബി ചാക്കോ, അജയഘോഷ്, ഹബീബ് റഹ്മാൻ, ആർ. ഉഷാദേവി, രജനി രാജേഷ് എന്നിവരാണ് പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു സമരം ചെയ്തത്.