അമേരിക്കയ്ക്കും ഇസ്രായേലിനും ഈജിപ്തിന്റെ മുന്നറിയിപ്പ്

Breaking

ഗാസ മേഖലയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേലിനും അമേരിക്കയ്ക്കും മുന്നറിയിപ്പുമായി ഈജിപ്ത് രംഗത്ത്. പലസ്തീനികള്‍ ഗാസ മുനമ്പില്‍ നിന്ന് സിനായ് പ്രദേശത്തേക്ക് പലായനം ചെയ്താല്‍ ഈജിപ്തും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടാകുമെന്നാണ് ഈജിപ്ത് അമേരിക്കയോടും ഇസ്രായേലിനോടും വ്യക്തമാക്കിയിരിക്കുന്നത്. ഒക്ടോബര്‍ ഏഴിന് പലസ്തീന്‍ ഭീകര സംഘടനയായ ഹമാസിന്റെ ആക്രമണത്തിന് പ്രതികാരമായി ഇസ്രായേല്‍ ആരംഭിച്ച ആക്രമണങ്ങള്‍ ഗാസയില്‍ വലിയ രീതിയിലുള്ള മാനുഷിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതിനിടയിലാണ് അമേരിക്കക്കും ഇസ്രായേലിനും മുന്നറിയിപ്പുമായി ഈജിപ്ത് രംഗത്തെത്തിയത്.
ഇസ്രായേല്‍-ഹമാസ് യുദ്ധം വ്യാഴാഴ്ച മൂന്നാം മാസത്തിലേക്ക് കടന്നുകഴിഞ്ഞു. യുദ്ധത്തില്‍ ഇതുവരെ 16,000 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ മൂന്നു വരെയുള്ള കണക്കനുസരിച്ച് ഏകദേശം 1.9 ദശലക്ഷം പലസ്തീനികള്‍ ഗാസ മുനമ്പില്‍ ഇതിനകം തന്നെ പലായനം ചെയ്തിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. ജനസംഖ്യയുടെ ഏകദേശം 85 ശതമാനം ആളുകള്‍ പ്രദേശം വിട്ടതായാണ് കണക്കുകള്‍. ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന്റെ ആരംഭം മുതല്‍ തന്നെ ഈജിപ്ത് ആശങ്ക വച്ചുപുലര്‍ത്തുന്നുണ്ട്. തങ്ങളുടെ പ്രദേശത്തേക്ക് പലസ്തീനികളുടെ കടന്നുകയറ്റമുണ്ടാകുമോ എന്ന കാര്യത്തിലായിരുന്നു ഈജിപ്തിന്റെ ആശങ്ക. പലസ്തീന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കില്ലെന്നാണ് ഈജിപ്ത് ആവര്‍ത്തിച്ച് വ്യക്തമാക്കിയതും.
ഇസ്രായേല്‍ സര്‍ക്കാര്‍ മന്ത്രാലയം 2.3 ദശലക്ഷം ആളുകളെ ഗാസയില്‍ നിന്ന് സിനായ് പെനിന്‍സുലയിലേക്ക് മാറ്റുന്നതിനുള്ള ഒരു യുദ്ധകാല നിര്‍ദ്ദേശം തയ്യാറാക്കിയതായി ഒക്ടോബറില്‍ ഒരു റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അപലവിച്ച് പലസ്തീന്‍ രംഗത്തെത്തി. മാത്രമല്ല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈജിപ്തുമായുള്ള സംഘര്‍ഷം വഷളാക്കുകയും ചെയ്തിരുന്നു.
സംഘര്‍ഷത്തിന്റെ തുടക്കം മുതല്‍ പലസ്തീനികള്‍ ഈജിപ്തും ഗാസയും അതിര്‍ത്തി പങ്കിടുന്ന റഫയ്ക്കു സമീപം ക്യാമ്പ് ചെയ്യുന്നുണ്ട്. ഹമാസ് നേതാക്കള്‍ ഒളിവില്‍ കഴിയുകയാണെന്ന വിശ്വാസത്തോടെ, ഇസ്രായേല്‍ തെക്കന്‍ ഗാസയിലേക്കും ഖാന്‍ യൂനിസിലേക്കും സൈനിക നടപടി ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ റഫയ്ക്കു സമീപമുള്ള ക്യാമ്പുകളിലേക്ക് അഭയാര്‍ത്ഥികള്‍ ഒഴുകിയെത്തുകയായിരുന്നു. ഗാസയില്‍ നിന്നുള്ള പലസ്തീനികളെ ഈജിപ്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചാല്‍ അത് അനുചിതവും അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധവുമാണെന്ന് വ്യാഴാഴ്ച വാഷിംഗ്ടണിലുള്ള ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രി സമേഹ് ഷൗക്രി പറഞ്ഞു.
ഈജിപ്തിലേക്കുള്ള പലസ്തീനികളുടെ ഒഴുക്ക് സംഘര്‍ഷത്തെ നേരിടാനുള്ള വഴിയല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. പലസ്തീനികള്‍ തങ്ങളുടെ പ്രദേശം വിട്ടുപോകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നുവെന്ന് ആക്‌സിയോസ് റിപ്പോര്‍ട്ട്. ചെയ്യുന്നു. ഷൗക്രിയും മറ്റ് അറബ് വിദേശകാര്യ മന്ത്രിമാരും വെള്ളിയാഴ്ച ഇസ്രായേല്‍-ഹമാസ് യുദ്ധത്തെക്കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനെ കാണാനിരിക്കുകയാണ്.
പലസ്തീന്‍ അഭയാര്‍ത്ഥികളുടെ വരവ് ഈജിപ്ത് വളരെക്കാലമായി നിയന്ത്രിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഗാസയിലേക്കുള്ള മാനുഷിക സഹായങ്ങള്‍ക്കായി റഫ അതിര്‍ത്തി ക്രോസിംഗ് തുറന്നതോടെ അഭയാര്‍ത്ഥികള്‍ തങ്ങളുടെ രാജ്യത്തേക്ക് കടന്നു എത്തുമോ എന്ന് ഈജിപ്തിന് ആശങ്കയാരംഭിക്കുകയായിരുന്നു. ബുധനാഴ്ച സമേഹ് ഷൗക്രിയും യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റിനിയോ ഗുട്ടെറസും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു.
ഒക്ടോബര്‍ ഏഴിന് ഇസ്രായേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതോടെ ഗാസ നിവാസികളെ ഈജിപ്തിന്റെ നിയന്ത്രണത്തിലുള്ള സിനായ് പെനിന്‍സുലയിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതികള്‍ക്കെതിരെ ജോര്‍ദാനും ഇസ്രായേലും രംഗത്തെത്തിയിരുന്നു. ഇരു രാജ്യങ്ങളും ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പലസ്തീനികളെ അവരുടെ ഭൂമിക്ക് പുറത്ത് മാറ്റിപ്പാര്‍പ്പിക്കുന്നത് ഒരിക്കലും അംഗീകരിക്കില്ലെന്നാണ് ഈജിപ്ത് ഇസ്രായേലിനോട് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *