പാലയൂർ പള്ളിക്കെതിരായ സംഘപരിവാർ നേതാവിന്റെ വിവാദ പ്രസ്താവന: സുരേഷ്‌ഗോപി മറുപടി നൽകണമെന്ന് എൽഡിഎഫ്

Breaking Kerala

തൃശൂർ: പാലയൂർ സെന്റ് തോമസ് തീർത്ഥാടന കേന്ദ്രം സംബന്ധിച്ച് സംഘപരിവാർ നേതാവ് ആർ.വി. ബാബു നടത്തിയ പ്രസ്താവനയെ കുറിച്ച് സുരേഷ് ഗോപി നിലപാട് വ്യക്തമാക്കണമെന്ന് എൽഡിഎഫ് ജില്ലാ കമ്മിറ്റി. കേരളത്തിൽ നിലനിൽക്കുന്ന മനുഷ്യരുടെ ഐക്യം തകർക്കുക എന്ന ലക്ഷ്യത്തോടെ ബോധപൂർവമാണ് സംഘപരിവാർ നേതാവിന്റെ ഈ അഭിപ്രായ പ്രകടനമെന്നും എൽഡിഎ് കുറ്റപ്പെടുത്തി.തൃശൂരിൽ സ്ഥാനാർഥിയായി ബിജെപി ഉയർത്തികാട്ടുന്ന സുരേഷ് ഗോപി ക്രിസ്ത്യൻ ദേവാലയങ്ങൾ സന്ദർശിച്ച് വരികയാണ്. തൃശൂരിൽ അദ്ദേഹം മാതാവിന് കിരീടം സമ്മാനിച്ചത് വാർത്തയായിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ സംഘപരിവാർ നേതാക്കളുടെ ഭാഗത്ത് നിന്നുള്ള പ്രസ്താവനകളെ കുറിച്ച് പ്രതികരിക്കാൻ അദ്ദേഹത്തിന് ബാധ്യതയുണ്ടെന്നാണ് എൽഡിഎഫ് പറയുന്നത്.പാലയൂർ ക്രിസ്ത്യൻപള്ളി നിന്നിടത്ത് നൂറ്റാണ്ടുകൾക്ക് മുമ്പ് ശിവക്ഷേത്രമായിരുന്നു എന്നായിരുന്നു ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിയായ ആർ.വി. ബാബുവിന്റെ വിവാദ പ്രസ്താവന. യാതൊരു അടിസ്ഥാനവുമില്ലാത്ത തികച്ചും പ്രകോപനപരമായ പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്.
ആർ.വി. ബാബു തൃശൂരിലെ കൃസ്ത്യൻ പള്ളികളെ കുറിച്ചും നുണ പ്രചരണങ്ങൾ നടത്തുന്നുണ്ട്. ഇതേ കുറിച്ചും ജനങ്ങളോട് വിശദീകരിക്കാൻ സുരേഷ് ഗോപി തയ്യാറാവണം. തൃശൂരിന്റെ മാതൃകയായ മത സൗഹാർദ്ദം തകർക്കാൻ നടത്തുന്ന പ്രകോപനപരമായ നീക്കങ്ങൾക്കെതിരേ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും എൽ.ഡി.എഫ് വാർത്താകുറിപ്പിൽ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *