കൊച്ചി: പാലരുവി എക്സ്പ്രസ് ട്രെയിനിൽ കോച്ചുകൾ വർദ്ധിപ്പിച്ച് റെയിൽവേ. മൂന്ന് ജനറൽ കോച്ചുകളും ഒരു സ്ലീപ്പർ ക്ലാസ് കോച്ചുമാണ് വർധിപ്പിച്ചത്. യാത്രാ ദുരിതത്തില്‍ യാത്രക്കാരുടെ പ്രതിഷേധത്തിന് പിന്നാലെയാണ് തീരുമാനം. കൊല്ലം, കോട്ടയം ഭാഗത്തു നിന്ന് എറണാകുളത്തേക്ക് പാലരുവി എക്സ്പ്രസ് ട്രെയിനിൽ വരുന്ന സ്ഥിരം യാത്രക്കാരുടെ പ്രതിഷേധത്തിന് പിന്നാലെയാണ് നാല് കോച്ചുകൾ റെയിൽവേ വർധിപ്പിച്ചത്. ഇന്ന് മുതൽ മൂന്ന് ജനറൽ കോച്ചുകളും ഒരു സ്ലീപ്പർ ക്ലാസ്സ് കോച്ചും ഉണ്ടാകും.
പാലക്കാട് നിന്ന് തിരുനെൽവേലി വരെ പോകുന്ന ട്രെയിൻ നാളെ മുതൽ തൂത്തുക്കുടിയിലേക്ക് നീട്ടാൻ നേരത്തെ തീരുമാനിച്ചിരുന്നു. അതിന് പിന്നാലെയാണ് കോച്ചുകൾ വർധിപ്പിച്ചത്. എന്നാൽ കൊല്ലം- കോട്ടയം ഭാഗത്ത് നിന്ന് എറണാകുളത്തേക്ക് രാവിലെ മെമു – പാസഞ്ചർ ട്രെയിൻ സർവീസുകൾ വേണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം. തിരുവനന്തപുരത്ത് നിന്നുള്ള വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്റ്റേഷൻ ഒഴിവാക്കിയതോടെ പാലരുവി എക്സ്പ്രസിൽ തിരക്കേറി. വേണാട്, പാലരുവി ട്രെയിനുകൾക്കിടയിൽ ഒന്നര മണിക്കൂർ ഇടവേളയുള്ളതിനാൽ യാത്രാക്ലേശം രൂക്ഷമാണെന്നും വന്ദേഭാരത് കടന്നുപോകാനായി പാലരുവി എക്സ്പ്രസ് മുളന്തുരുത്തിയിൽ അര മണിക്കൂറോളം പിടിച്ചിടുന്നുണെന്നും യാത്രക്കാർ പറഞ്ഞു.