26/11 മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിനെ വിട്ടുകിട്ടാന്‍ പാകിസ്ഥാന്‍ സര്‍ക്കാരിനോട് ഇന്ത്യ ആവശ്യപ്പെട്ടതായി സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി.രാജ്യത്ത് വിചാരണ നേരിടാന്‍ ഹാഫിസ് സയീദിനെ കൈമാറണമെന്ന് പാകിസ്ഥാനോട് അടുത്തിടെയാണ് ആവശ്യപ്പെട്ടത്. ഇയാള്‍ ഇന്ത്യയില്‍ നിരവധി കേസുകളില്‍ അന്വേഷണ ഏജന്‍സികള്‍ തിരയുന്നയാളാണെന്നും ബാഗ്ചി പറഞ്ഞു. 2008ലെ മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായ സയീദിനെ ഇന്ത്യ മോസ്റ്റ് വാണ്ടഡ് ഭീകരരില്‍ ഒരാളായി പട്ടികപ്പെടുത്തിയിട്ടുണ്ട്. 2008 നവംബര്‍ 26-ന് നാല് ദിവസങ്ങളിലായി നടന്ന ആക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
‘യുഎന്‍ വിലക്കിയ ഭീകരന്‍ കൂടിയാണ് ഹാഫിസ് സയീദ്. ഒരു പ്രത്യേക കേസില്‍ വിചാരണ നേരിടുന്നതിനായി ഇയാളെ ഇന്ത്യക്ക് കൈമാറുന്നതിനായി ഞങ്ങള്‍ പാക് സര്‍ക്കാരിന് അനുബന്ധ രേഖകള്‍ സഹിതം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്’, രാവിലെ നടത്തിയ പത്രസമ്മേളനത്തില്‍ ബാഗ്ചി പറഞ്ഞു.
നേരത്തെ ഇക്കാര്യം പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹാഫിസ് സയീദിനെ കൈമാറാന്‍ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തോട് ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടെന്നായിരുന്നു റിപ്പോര്‍ട്ട് . പാക് മാധ്യമമായ ഇസ്ലാമാബാദ് പോസ്റ്റാണ് ഈ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയത്. നയതന്ത്ര വൃത്തങ്ങള്‍ നല്‍കുന്ന സൂചനകളനുസരിച്ച് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തിന് ഇന്ത്യാ ഗവണ്‍മെന്റില്‍ നിന്ന് ഒരു ഔദ്യോഗിക അഭ്യര്‍ത്ഥന ലഭിച്ചുവെന്നും ഹാഫിസ് സയീദിനെ കൈമാറുന്നതിനുള്ള നിയമനടപടികള്‍ ആരംഭിക്കാന്‍ അഭ്യര്‍ത്ഥിച്ചുവെന്നുമാണ് മാധ്യമം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. .
രാജ്യത്തെ നടുക്കിയ 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് ഹാഫിസ് മുഹമ്മദ് സയീദ്. ഈ ആക്രമണത്തില്‍ ആറ് അമേരിക്കക്കാരടക്കം 166 പേരാണ് കൊല്ലപ്പെട്ടത്. മുംബൈ ആക്രമണത്തിന് ഉത്തരവാദികളായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ മുന്‍നിര സംഘടനയാണ് സയീദിന്റെ നേതൃത്വത്തിലുള്ള ജെയുഡി. അമേരിക്കയും ഹാഫിസ് സയീദിന്റെ സംഘടനയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ 10 മില്യണ്‍ ഡോളറാണ് യുഎസ് ഹാഫീസ് സയീദിന്റെ തലയ്ക്കു വിലയിട്ടിരിക്കുന്നത്.
ലഷ്‌കര്‍-ഇ-തൊയ്ബ എന്ന ഭീകര സംഘടനയുടെ സ്ഥാപകനായ ഹാഫിസ് മുഹമ്മദ് സയീദ് നിരോധിത ജമാഅത്ത് ഉദ് ദവയുടെ ചില നേതാക്കള്‍ക്കൊപ്പം 2019 മുതല്‍ ജയിലിലാണ്. തീവ്രവാദ ഫണ്ടിംഗ് കേസുകളില്‍ ശിക്ഷിക്കപ്പെട്ടാണ് ഇയാള്‍ ജയിലിനുള്ളില്‍ കഴിയുന്നത്. 2020 നവംബറിലാണ് ഇയാളെ പഞ്ചാബിലെ തീവ്രവാദ വിരുദ്ധ കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചത്. തീവ്രവാദത്തിന് ഫണ്ടിംഗ് നല്‍കിയ രണ്ട് കേസുകളില്‍ തടവു ശിക്ഷ മാത്രമല്ല, സയീദിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും 1.1 ലക്ഷം രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടിരുന്നു.
2019 മുതല്‍ ഹാഫിസ് സയീദ് പാകിസ്ഥാനിലെ ജയിലില്‍ കഴിയുകയാണ്. എന്നാല്‍ ഇന്നും ഇയാള്‍ പാക് രാഷ്ട്രീയത്തിലും സൈന്യത്തിലും ആധിപത്യം പുലര്‍ത്തുന്നുണ്ട്. 2024 ഫെബ്രുവരിയില്‍ പാക്കിസ്ഥാനില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ഹാഫിസ് സയീദിന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ മര്‍കസി മുസ്ലീം ലീഗും മത്സരിക്കുന്നുണ്ട്. ഇത് മാത്രം മതി പാകിസ്ഥാനിലെ സയീദിന്റെ സ്വാധീനം അളക്കാന്‍. രാജ്യത്തുടനീളമുള്ള എല്ലാ ദേശീയ, പ്രവിശ്യാ അസംബ്ലി മണ്ഡലങ്ങളിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നുണ്ട്. മകന്‍ തല് ഹ സയീദിനെയും ഹാഫിസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൂടി മുന്നില്‍ കണ്ടാണ് ഇന്ത്യയുടെ നീക്കം.