കോഴിക്കോട്: സഹോദരി പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരുന്ന സാഹചര്യത്തിൽ വടകരയിലെ സ്ഥാനാര്‍ത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ കെ മുരളീധരൻ ആലോചിക്കുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി അടുപ്പമുള്ള നേതാക്കളുമായി ഇദ്ദേഹം ചര്‍ച്ച നടത്തി എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
അതേസമയം ഇന്ന് ബിജെപി ദേശീയ ആസ്ഥാനത്തെത്തിയാണ് പത്മജ വേണുഗോപാൽ അംഗത്വം സ്വീകരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ഈ നീക്കം കോൺഗ്രസിന് കനത്ത തിരിച്ചടിയായിരിക്കെയാണ് സഹോദരനും വടകരയിലെ സിറ്റിങ് എംപിയുമായ കെ മുരളീധരൻ മത്സര രംഗത്ത് നിന്ന് പിന്മാറാൻ ഒരുങ്ങുന്നത്. അച്ഛന്റെ ആത്മാവ് പത്മജയോട് പൊറുക്കില്ലെന്നാണ് പത്മജയുടെ ബിജെപി പ്രവേശനത്തിൽ കെ മുരളീധരൻ ഇതുവരെ പ്രതികരിച്ചത്. പത്മജയെ എടുത്തത് കൊണ്ട് ബിജെപിക്ക് കാൽകാശിന്റെ ഉപകാരം ഉണ്ടാവില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.