നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് തകര്‍ത്ത കേസില്‍ പിവി അന്‍വര്‍ എംഎല്‍എക്ക് ജാമ്യം

Kerala

നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് തകര്‍ത്ത കേസില്‍ പിവി അന്‍വര്‍ എംഎല്‍എക്ക് ജാമ്യം. നിലമ്പൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എടക്കരയിൽ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെയുടെ നേതൃത്വത്തില്‍ അടിച്ച് തകര്‍ത്തതാണ് കേസ്. നിരുപാധിക ജാമ്യം ആണ് അനുവദിച്ചത്.

സമരം സമാധാനപരമായിരുന്നുവെന്നും മറ്റ് പ്രതികളെ കണ്ടെത്തുന്നതിനായി പി വി അന്‍വര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യേണ്ട കാര്യമില്ലായെന്നും അദ്ദേഹത്തിനായി കോടതിയില്‍ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ പ്രതിഷേധം നടന്നത് അന്‍വറിന്റെ നേതൃത്വത്തിലാണെന്നും പ്രതിഭാഗം തന്നെ ഇത് സമ്മതിച്ചുവെന്നും പ്രതികള്‍ മറ്റു കേസുകളിലും പ്രതികളാണെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.

ഇരു ഭാഗത്തിന്റെയും വാദം വിശദമായി കേട്ട കോടതി ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് വിധി പ്രഖ്യാപിച്ചത്. ജാമ്യം അനുവദിച്ച വിധി പകര്‍പ്പ് തവനൂരിലെ ജയിലില്‍ ഹാജരാക്കിയാല്‍ അന്‍വറിന് ഇന്ന് തന്നെ പുറത്തിറങ്ങാന്‍ സാധിക്കും. ഇന്നലെ രാത്രിയാണ് അൻവറിനെ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി അൻവറിനെ അറസ്റ്റ് ചെയ്തത്. മജിസ്ട്രേറ്റിൻ്റെ മുന്നിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യുകയായിരുന്നു. അതിനിടെ, വനം മന്ത്രി എ കെ ശശീന്ദ്രൻ മരിച്ച ആദിവാസി യുവാവിന്റെ കുടുംബത്തെ സന്ദർശിച്ചു. ഓഫീസ് അടച്ചുതകർത്ത സംഭവത്തിൽ പ്രതിഷേധ സൂചകമായി എൻജിഒ യൂണിയൻ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിട്ടുമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *