കൊല്ലം: കൊല്ലം ഓയൂരില്‍ നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അടുത്തയാഴ്ച കൊട്ടാരക്കര ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.തട്ടിക്കൊണ്ടുപോകലിന് രണ്ടുമാസം തികയുന്ന ജനുവരി 27-നു മുമ്ബുതന്നെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പുകളാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.എം.എം.ജോസിന്റെ നേതൃത്വത്തില്‍ നടത്തുന്നത്.
ചാത്തന്നൂര്‍ മാമ്ബള്ളിക്കുന്നം കവിതാരാജില്‍ പദ്മകുമാര്‍ (51), ഭാര്യ അനിതകുമാരി (39), മകള്‍ അനുപമ എന്നിവരാണ് കേസിലെ പ്രതികള്‍.പ്രതികളെ ഏഴുദിവസം കസ്റ്റഡിയില്‍ വാങ്ങി അന്വേഷണസംഘം വിശദമായി ചോദ്യംചെയ്തിരുന്നു. പുളിയറയില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ച ആള്‍, കുളമടയിലെ ചായക്കടയില്‍ പ്രതികള്‍ എത്തിയ ഓട്ടോറിക്ഷയുടെ ഡ്രൈവര്‍, ചായക്കടയുടമയായ സ്ത്രീ, ഫാം ഹൗസ് ജീവനക്കാരി തുടങ്ങിയ സാക്ഷികളില്‍നിന്നുള്ള മൊഴികളും രേഖപ്പെടുത്തി.
പ്രതികളുടെ സാമ്ബത്തിക ഇടപാടുകളും അന്വേഷിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാനും വയോധികരില്‍നിന്ന് ആഭരണങ്ങള്‍ തട്ടാനുമടക്കം തയ്യാറാക്കിയ പദ്ധതികള്‍ ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നതാണ് കേസിലെ നിര്‍ണായക തെളിവ്. ഇവയെല്ലാം വിശദമായി പരിശോധിച്ചാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കലിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുന്നത്.
കഴിഞ്ഞ നവംബര്‍ 27-ന് വൈകീട്ട് 4.20-നാണ് മരുതമണ്‍പള്ളി കാറ്റാടിയിലെ വീടിനു സമീപത്തുനിന്ന് പദ്മകുമാറും കുടുംബവും കുട്ടിയെ തട്ടിക്കൊണ്ടുപോയത്.രാത്രിതന്നെ മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയുടെ ഫോണില്‍ വിളിക്കുകയും ചെയ്തു. പിറ്റേന്ന് കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചു.ഡിസംബര്‍ ഒന്നിനാണ് പ്രതികളെ തമിഴ്നാടിനടുത്ത് പുളിയറയില്‍നിന്ന് അന്വേഷണസംഘം പിടികൂടിയത്. ഡിസംബര്‍ ഏഴിന് പ്രതികളെ കൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.എം.ജോസിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുത്തു.
കാറ്റാടിയില്‍നിന്ന് സഞ്ചരിച്ച വഴികള്‍, വ്യാജ നമ്ബര്‍ പ്ലേറ്റ് തയ്യാറാക്കിയ സ്ഥലം, ഫാം ഹൗസ്, കുട്ടിയുടെ പെന്‍സില്‍ ബോക്‌സ് വലിച്ചെറിഞ്ഞയിടം, തട്ടിക്കൊണ്ടുപോയി ഒളിവില്‍ പാര്‍പ്പിച്ച ചാത്തന്നൂര്‍ മാമ്ബള്ളിക്കുന്നത്തെ വീട്, തെങ്ങുവിളയിലെ ഫാം ഹൗസ് എന്നിവിടങ്ങളില്‍നിന്നെല്ലാം ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചിരുന്നു തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലാണ് അനിതയും അനുപമയുമുള്ളത്. പദ്മകുമാര്‍ സെന്‍ട്രല്‍ ജയിലിലും.