കടുത്തുരുത്തി: ഹോർട്ടി കോർപ് കൃഷിഭവൻ വഴി ഓണചന്തയിലൂടെ വിൽക്കുന്ന പച്ചക്കറികൾക്ക് കോട്ടയം ജില്ലയിൽ അമിത വില ഈടാക്കുന്നു. പൊതു വിപണിയിൽ നിന്നും 30 ശതമാനം വില കുറച്ച് വിൽക്കുമെന്നാണ് പ്രഖ്യാപനമെങ്കിലും പല സാധനങ്ങൾക്കും പൊതു മാർക്കറ്റിലേക്കാളും വില കൂടുതലാണ്. സമീപ ജില്ലകളായ എറണാകുളം, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിൽ കോട്ടയത്തെക്കാളും പത്ത് രൂപ മുതൽ 50 രൂപാ വരെ കൂടുതലാണ്.
കോട്ടയത്ത് ഒരു കിലോ ഇഞ്ചിക്ക് 175 രൂപയാണ്. എറണാകുളത്ത് 125, ആലപ്പുഴ 118, പത്തനംതിട്ട 90 എന്നിങ്ങനെയാണ് വില. വെളുത്തുള്ളി 195, 145, 140, 155. തക്കാളി 52, 45, 39, 3. മുരിങ്ങക്ക 34, 25, 28, 25. കാബേജ് 34, 28, 30, 18. പച്ചമുളക് 62, 42,54,46 എന്നിങ്ങനെയാണ് വില. കർഷകരിൽ നിന്നും നേരിട്ട് സംഭരിക്കുന്ന ഏത്തക്കുല, നാട്ടിലുള്ള പച്ചക്കറി എന്നിവകൾക്ക് മാത്രമാണ് 30 ശതമാനം വില കുറച്ച് വിൽക്കുന്നത്. 30 ശതമാനം വില കുറവ് പ്രതീക്ഷിച്ച് വാങ്ങനെത്തിയവർ കൃഷിഭവൻ ഉദ്യോഗസ്ഥരുമായി ബഹളം വച്ചു. ഹോർട്ടി കോർപിലെ ജില്ലയിലെ ചില ഉദ്യോഗസ്ഥരുടെ പിടിവാശിയാണ് വില കുറയക്കാതെന്നാണ് ആരോപണം. ഇന്നലെ കൃഷി വകുപ്പ് മന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടും വില കുറയ്ക്കാൻ തയാറായില്ലെന്നും ആക്ഷേപമുണ്ട്.