കൊച്ചി: റിലീസ് ചെയ്തയുടൻ പുതിയ സിനിമകളെക്കുറിച്ച് തീയേറ്ററുകൾ കേന്ദ്രീകരിച്ച് ഓൺലൈൻ വ്ളോഗർമാർ നടത്തുന്നത് റിവ്യൂ ബോംബിംഗെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി. വെള്ളിയാഴ്ച റിലീസ് ചെയ്ത ‘ആരോമലിന്റെ ആദ്യത്തെ പ്രണയ’ത്തിന്റെ സംവിധായകൻ മുബീൻ റൗഫ് നൽകിയ ഹര്‍ജിയിലാണ് അമിക്കസ്ക്യൂറി റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ട് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഈ പ്രവണത നിയന്ത്രിക്കാൻ സ്വീകരിക്കാവുന്ന നടപടികൾ സംബന്ധിച്ച് വിശദീകരിക്കാൻ കേന്ദ്ര -സംസ്ഥാന സർക്കാരുകളോട് നിർദേശിച്ചു.
നൂറുകണക്കിന് കലാകാരന്മാരുടെ കഠിനാധ്വാനവും ജീവിത സമർപ്പണവുമാണ് സിനിമയെന്ന വസ്തുത വിസ്മരിക്കാനാവില്ലെന്ന് കോടതി വാക്കാൽ പറഞ്ഞു. ഇത്തരം പരാതി ലഭിച്ചാൽ പൊലീസ് നടപടിയെടുക്കുകയും പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമാക്കി വെക്കുകയും വേണം. ഇതിനായി സംസ്ഥാന പൊലീസ് മേധാവിയെ കോടതി കക്ഷി ചേർക്കുകയും ചെയ്തു. സിനിമ കാണാതെ തന്നെ വിലയിരുത്തൽ നടത്തി വ്ളോഗർമാർ നെഗറ്റീവ് പ്രചാരണം നടത്തുന്നത് സിനിമയുടെ വിജയത്തെയടക്കം പ്രതികൂലമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ഹർജി. ഹർജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റി.