സംസ്ഥാനത്ത് വെർച്വൽ അറസ്റ്റിൻ്റെ പേരിൽ തട്ടിപ്പ് വ്യാപകമാകുന്നു. പാലക്കാട് നഗരത്തിൽ പ്രമുഖ വ്യാപാരിയെ രണ്ടു ദിവസമാണ് തട്ടിപ്പു സംഘം സൈബർ തടങ്കിലാക്കിയത്. ഹിന്ദി സിനിമാ താരം ശില്പാ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയിൽ നിന്ന് പണം വാങ്ങിയെന്ന് ആരോപിച്ചും വ്യാപാരിയെ ഭീഷണിപ്പെടുത്തിയിരുന്നു.
സൈബർ തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുകയാണ്. ഇതിൽ പുതിയ രൂപമാണ് വെർച്വൽ അറസ്റ്റ്. ഏതെങ്കിലും അന്വേഷണ ഏജൻസിയുടെ പേരിൽ ആളുകളെ ഫോണിൽ വിളിച്ച് നിങ്ങൾ ഒരു കേസിൽ പ്രതിയാണെന്നും ഞങ്ങൾ അറസ്റ്റ് ചെയ്യുന്നുവെന്നും പറഞ്ഞാണ് തട്ടിപ്പ് . ടെക്സ്റ്റൈൽ വ്യവസായി, വർധമാൻ ഗ്രൂപ്പിൻ്റെ ചെയർമാൻ എസ്പി ഒസ് വാളിന് ഏഴ് കോടി രൂപയാണ് നഷ്ടമായത്. സിബിഐ, ഇഡി, ടെലികോം, പൊലീസ് തുടങ്ങി പല ഏജൻസികളുടെ പേരിലും വെർച്വൽ അറസ്റ്റ് നടത്തി സൈബർ കുറ്റവാളികൾ വിലസുന്നു.