ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; പ്രത്യേക സമ്മേളനത്തിൽ ബില്ല് അവതരിപ്പിച്ചേക്കും

Breaking National

ന്യൂഡൽഹി: അഞ്ചു ദിവസത്തേക്ക് വിളിച്ചുചേർത്ത പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ബില്ല് അവതരിപ്പിക്കാൻ വേണ്ടിയാണെന്ന് സൂചന. സെപ്റ്റംബർ 18 മുതൽ 22 വരെ വിളിച്ചുചേർത്ത സമ്മേളനത്തിന്‍റെ അജണ്ട കേന്ദ്രം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌ ആശയം നടപ്പാക്കാൻ തെരഞ്ഞെടുപ്പ്‌ കമീഷൻ പൂർണസജ്ജമാണെന്ന്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ കഴിഞ്ഞ മാർച്ചിൽ വ്യക്തമാക്കിയിരുന്നു. 17ാമത് ലോക്സഭയുടെ 13ാമത് സമ്മേളനമാണ് ചേരുന്നത്. കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇതുസംബന്ധിച്ച് വിവരം പുറത്തുവിട്ടത്. അഞ്ചുദിവസം ക്രിയാത്മക ചർച്ചകൾ നടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഇതുസംബന്ധിച്ച് പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. എന്നാൽ അഞ്ചുദിവസത്തെ സമ്മേളനത്തിലെ കാര്യപരിപാടികൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുന്നത് നിലവിൽ നിയമ കമീഷന്റെ പരിഗണനയിലാണ്. പരിഷ്കാരം ഖജനാവിനും പാർട്ടികൾക്കും സ്ഥാനാർഥികൾക്കും വലിയ സാമ്പത്തിക ലാഭം നൽകുമെന്നും സുരക്ഷാ, ഭരണ നടപടിക്രമങ്ങൾ എളുപ്പമാക്കുമെന്നുമാണ് കേന്ദ്ര സർക്കാരിന്റെ വാദം. ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് പ്രത്യേക സമ്മേളനം.

നിലവിൽ ഓരോ സംസ്ഥാനത്തും കേന്ദ്രത്തിലും സർക്കാരുകളുടെ കാലാവധി തീരുന്നതിനനുസരിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുന്നതിന് പ്രായോഗിക തടസ്സങ്ങൾ ഏറെയുണ്ട്. ജൂലൈ 20 മുതൽ ആഗസ്റ്റ് 12 വരെയായിരുന്നു പാർലമെന്റിന്റെ വർഷകാല സമ്മേളനം.

Leave a Reply

Your email address will not be published. Required fields are marked *