തിരുവനന്തപുരം:’ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ സമിതിയുടെ ആദ്യ ഔദ്യോഗിക യോഗം ഈ മാസം 23-ന് ചേരും. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിലാണ് എട്ടംഗ ഉന്നതതല സമിതിയുടെ യോഗം. ലോക്സഭയിലേക്കും നിയമസഭകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും പഞ്ചായത്തുകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യം എത്രയും വേഗം പരിശോധിച്ച് ശുപാര്‍ശകള്‍ നല്‍കാനാണ് കേന്ദ്രം സമിതി രൂപീകരിച്ചത്.
ആഭ്യന്തരമന്ത്രി അമിത് ഷാ, ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, രാജ്യസഭയിലെ മുന്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുന്‍ ധനകാര്യ കമ്മീഷന്‍ അധ്യക്ഷന്‍ എന്‍.കെ.സിംഗ് എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും. മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ സുഭാഷ് സി കശ്യപ്, മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, മുന്‍ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ സഞ്ജയ് കോത്താരി എന്നിവരും സമിതിയിലുണ്ട്. സമിതിയുടെ യോഗങ്ങളില്‍ പ്രത്യേക ക്ഷണിതാവായി നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ പങ്കെടുക്കും.