തിരുവനന്തപുരം: ഇന്ന് ഉത്രാടം. തിരുവോണത്തെ വരവേല്‍ക്കാനുള്ള അന്തിമ തയ്യാറെടുപ്പിലാണ് നാടും നഗരവും. ഓണവിപണി ലക്ഷ്യമിട്ടു വ്യാപാരികളും തയാറാണ്. കാണം വിറ്റും ഓണമുണ്ണാൻ മലയാളികൾ തയാറെടുക്കുമ്പോൾ വിപണികളിൽ തിരക്കേറും. ഉത്രാടപ്പാച്ചിലിൽ ഇന്നു വീഥികൾ ജനനിബിഡമാകും.
സദ്യവട്ടത്തിനുളള പച്ചക്കറികൾ വാങ്ങാനാണു പ്രധാനമായും ജനം ഇന്നു നിരത്തിൽ ഇറങ്ങുക. ഉത്രാടത്തലേന്നായ ഇന്നലെയും പച്ചക്കറികൾ വാങ്ങാൻ തിരക്കോടു തിരക്കായിരുന്നു. ഉത്രാട ദിവസമായി ഇന്നു വസ്ത്ര വിപണിയിൽ കാര്യമായ തിരക്ക് ഉണ്ടാകുമെന്നാണു കണക്കുകൂട്ടൽ. ചെറുകിട കച്ചവടക്കാരും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യാപാരികളും വിപണി കൊഴുപ്പിക്കാൻ രംഗത്തുണ്ട്.