കൊല്ലം: ഓണത്തിന് ആവശ്യമായ എല്ലാ ഉത്പന്നങ്ങളും സാമൂഹ്യ ക്ഷേമപെൻഷനും ഓണത്തിന് മുന്നോടിയായി തന്നെ എല്ലാവരിലേക്കും എത്തിക്കുന്നതിൽ സർക്കാർ വിജയിച്ചു എന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ . നിത്യോപയോഗ സാധനങ്ങൾ സബ്സിഡി റേറ്റിൽ ലഭ്യമാകുന്ന എഴുകോൺ സർവീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്തയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
0.3% ആണ് കേരളത്തിൽ ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉള്ളവരുടെ കണക്ക്. ഇത് തൊട്ടടുത്ത സംസ്ഥാനങ്ങളേക്കാൾ ഏറെ കുറവാണ്. സർക്കാരിന്റെ ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതികൾ എല്ലാവരിലേക്കും എത്തിയതിന്റെ തെളിവാണ് ദാരിദ്ര്യത്തിന്റെ കണക്കുകൾ എന്ന് മന്ത്രി പറഞ്ഞു. ബാങ്ക് അങ്കണത്തിൽ നടന്ന ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ് ജോർജ് സി. കോശി അദ്ധ്യക്ഷനായി . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ് , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജു എബ്രഹാം തദ്ദേശ സ്വയംഭരണ സ്ഥാപന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു .