പുതുപ്പള്ളിയിൽ ഓണക്കിറ്റ് വിതരണം നടത്താം; രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

Breaking Kerala

കോട്ടയം: പുതുപ്പള്ളിയിൽ ഓണക്കിറ്റ് വിതരണം ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും പുതുപ്പള്ളിയിൽ കിറ്റ് വിതരണത്തിന് തടസമില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. എന്നാൽ രാഷ്ട്രീയ മുതലെടുപ്പിന് ഇത് അവസരമാക്കരുതെന്നും മുന്നറിയിപ്പ് നൽകി. ജനപ്രതിനിധികളെ കിറ്റ് വിതരണത്തിലോ അനുബന്ധ പ്രവർത്തനത്തിലോ പങ്കെടുപ്പിക്കരുത്. വിതരണം ചെയ്യുന്ന കിറ്റിലോ അനുബന്ധ സാമഗ്രികളിലോ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നമോ പേരോ മറ്റ് സൂചനകളോ പാടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിർദേശം നൽകിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ വ്യക്തമാക്കി.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പേരിൽ കോട്ടയം ജില്ലയിലെ ഓണക്കിറ്റ് വിതരണം തടയരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ച് ചീഫ് ഇലക്ടറൽ ഓഫീസർക്ക് കത്ത് നൽകി. കോട്ടയം ജില്ലയിൽ ഓണക്കിറ്റ് വിതരണം നിർത്തിവെക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു. ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ സപ്ലൈ ഓഫീസർക്ക് നിർദ്ദേശം നൽകിയത്. തുടർന്ന് വിതരണത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് സിവിൽ സപ്ലൈസ് വകുപ്പ് ഇലക്ഷൻ കമ്മീഷന് കത്ത് നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *