കാഞ്ഞങ്ങാട്: വയോധികയില്‍നിന്ന്് ഒന്നര കിലോയോളം വരുന്ന സ്വര്‍ണാഭരണങ്ങളും ഒരു കോടിയോളം രൂപയും തട്ടിയെടുത്തു.വയോധികയുടെ പരാതിയില്‍ ഭര്‍ത്താവിന്റെ സുഹൃത്തിെന്റയും ഇയാളുടെ ഭാര്യയുടെയും പേരില്‍ രാജപുരം പൊലീസ് കേസെടുത്തിട്ടുണ്ട്. തൃശൂര്‍ പാലിയം റോഡിലെ അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്ന ഭാസ്കരന്റെ ഭാര്യ ജയബി(75) നല്‍കിയ പരാതിയില്‍ പനത്തടി മാനടുക്കത്തെ ഉണ്ണികൃഷ്ണൻ നായര്‍, ഭാര്യ സരസ്വതി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ മരണശേഷം 2019 ജനുവരി മുതല്‍ 2022 ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഭര്‍ത്താവിന്റെ സുഹൃത്തും വൈദ്യരുമായ ഉണ്ണികൃഷ്ണൻ നായര്‍ ചികില്‍സ നടത്താനായി മാനടുക്കത്തെ ഇയാളുടെ വീട്ടില്‍ താമസിപ്പിച്ചു. വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നശേഷം ചതിക്കണമെന്ന ഉദ്ദേശ്യത്തോടെ പലതവണ ഭാര്യയുടെ ബാങ്ക് അക്കൗണ്ട് വഴി ഒരു കോടിയോളം രൂപ ഉണ്ണിക്കൃഷ്ണൻ നായര്‍ കൈപ്പറ്റിയെന്നും വയോധികയുടെ കൈവശമുണ്ടായിരുന്ന 75 ലക്ഷം രൂപ വില വരുന്ന ഒന്നര കിലോയോളം സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തുവെന്നുമാണ് കേസ്.