ഇന്ന്  ലോക നഴ്സസ് ദിനം: ഈ ചിറകുകൾക്ക് കരുത്താവാം

Kerala

“മകനെ ഇവിടെ ഏൽപ്പിച്ചു മടങ്ങുമ്പോൾ ഒരിക്കലും തിരിച്ചുകിട്ടുമെന്ന് കരുതിയിരുന്നില്ല. എൻ്റെ ഹൃദയമാണ് അന്ന് ഇവിടെ ഉപേക്ഷിച്ച് മടങ്ങിയത്. അവനെ തിരിച്ചുനൽകണമെന്ന് ഞാൻ അഭ്യർഥിച്ചു. അവരത് പാലിച്ചു. കൂടാതെ ഉമ്മ നോക്കുന്നത് പോലെയാണ് തന്റെ മകനെ എല്ലാ നഴ്‌സുമാരും പരിചരിച്ചത് എന്ന് അവൻ പറഞ്ഞപ്പോൾ, ക്വാറന്റൈനിലിരിക്കുന്ന താൻ അനുഭവിച്ച ആശ്വാസം പറഞ്ഞറി യിക്കാനാവാത്തതാണ്.” നിപ്പയെ അതിജീവിച്ച ഒൻപത് വയസ്സുകാരൻ ഹനീനിന്റെ മാതാവിൻ്റെ വാക്കുകളാണ് ഇവ. നമ്മുടെ പ്രിയപ്പെട്ടവരെ നമ്മൾ വിശ്വസിച്ച് ഏല്പിക്കുന്ന ഒരുകൂട്ടം മാലാഖമാരുണ്ട് ഈ ഭൂമിയിൽ. മറ്റുള്ളവരുടെ പ്രയാസങ്ങൾ സ്വന്തമെന്ന് കരുതി അവർക്ക് താങ്ങും തണലുമായി കൂടെ കൂടുന്നവർ. തൂവെള്ള കോട്ടും പുഞ്ചിരിയുമായി തനിക്ക് ചുറ്റുമുള്ളവരുടെ വേദനയിൽ ആശ്വാസമാവുന്ന നഴ്സിംഗ് സമൂഹം.

ലോക അംഗീകാരം നേടിയവരാണ് മലയാളീ നഴ്സുമാർ. കാവൽ മാലാഖയെന്ന വിളിപ്പേരിൽ നിന്നും മുന്നണിപ്പോരാളി എന്ന വിളിപ്പേരായിരുന്നു ഭീതിനിറച്ച കോവിഡ് കാലത്ത് നഴ്സുമാർക്ക് ലഭിച്ചത്. പി പി ഇ കിറ്റിനുള്ളിൽ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും ബുദ്ധിമുട്ടി 24 മണിക്കൂറും രോഗികളുടെ ജീവനു വേണ്ടി സ്വന്തം ജീവൻ മറന്ന് പോരാടുക യായിരുന്നു അവർ.
ഭൂമിയിലെ മാലാഖമാർ സമൂഹത്തിന് നൽകുന്ന സേവനങ്ങളെ അടയാളപ്പെടുത്തുന്നതിനായി 1965 മുതൽ എല്ലാവർഷവും മെയ് 12ന് ലോകം മുഴുവൻ അന്താരാഷ്ട്ര നഴ്‌സസ് ദിനം മായി ആചരിച്ചുവരുന്നു. ഇൻർനാഷണൽ കൗൺസിൽ ഓഫ് നഴ്സസ് ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായതിനാലാണ് മെയ് 12 നഴ്സസ്‌ ദിനമായി ആഘോഷിക്കാൻ തെരഞ്ഞെടുത്തത്. ‘നമ്മുടെ നഴ്സസ് നമ്മുടെ ഭാവി ശുശ്രൂഷയുടെ സാമ്പത്തിക കരുത്ത്’ എന്നാണ് ഈ വർഷത്തെ പ്രമേയം. കാരുണ്യപരിചരണം നൽകുന്നതിൽ മാത്രമല്ല സാമ്പത്തിക വളർച്ചയ്ക്കും ആരോഗ്യസംരക്ഷണ സംവിധാനത്തിലെ നിലനിൽപ്പിനും നഴ്സുമാരുടെ പങ്ക് എടുത്ത് കാണിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നേരിട്ടുള്ള രോഗീപരിചരണം മുതൽ അഡ്മ‌ിനിസ്‌ട്രേറ്റീവ് ജോലികളും, ഗവേഷണം വരെ വൈവിധ്യമാർന്ന റോളുകളിൽ മികവ് പ്രകടിപ്പിക്കുന്നവരുമാണ് ഓരോ നഴ്സുമാരും.
തൻ്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും മാറ്റിവെച്ച് രോഗികളുടെ ക്ഷേമത്തിനും ആരോഗ്യത്തിനും മുൻഗണ നൽകുന്നവർ. അനുകമ്പയോടെ ഒരോരുതർക്കുമാവശ്യമായ പരിചരണവും സ്വാന്തനവുമായി അവർ രോഗികളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നു. ഈ ഒരു സമീപനമാണ് ഏതൊരു രോഗിയുടെയും രോഗശമനത്തിന് മുഖ്യ കാരണമാവുന്നതും.
രോഗിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സങ്കേതിക പുരോഗതിയിലൂന്നിയുള്ളന്യൂതനവഴികൾ കൃത്യമായ പരിശീലനത്തിലൂടെ ഒരോ നഴ്സുമാരും കൈക്കൊള്ളുന്നത് കൊണ്ടാണ് നിപ,കോവിഡ് 19 തുടങ്ങിയ പകർച്ചവ്യാധികൾ നമ്മുടെ മുന്മ്പിൽ കീഴടങ്ങിയത്. കരിപ്പൂർ വിമാനഅപകടം പോലുള്ള വലിയ അപകടങ്ങളിലും ഇവരുടെ പ്രവർത്തന മികവ് നമുക്ക് കാണിച്ച് തന്നതാണ്.
ആരോഗ്യരംഗം കൂടുതൽ മികവുറ്റതാക്കാൻ മാലാഖകൂട്ടം പ്രതിബന്ധതയോടെ തങ്ങളുടെ കഴിവുകൾ വിനിയോഗിക്കുന്നതോടൊപ്പം രോഗികളുടെ അവകാശങ്ങൾ ഹനിക്കപ്പെടാതിരിക്കാനും ശ്രദ്ദിക്കാറുണ്ട്.

പലപ്പോഴും ‘മാലാഖ എന്ന വാഴ്ത്തപ്പെടലുകളിൽ മാത്രം ഒതുങ്ങിപോവുന്നുണ്ട് നഴ്സുമാരുടെ സേവനങ്ങൾ. എന്നാൽ നഴ്‌സുമാർ നേരിടുന്ന യഥാർഥ പ്രശ്ന‌ങ്ങൾ വളരെ ഗൗരവമേറിയതാണ്. ഉയർന്ന ജോലിഭാരം, പൊതുജനങ്ങളിൽ നിന്നുള്ള അക്രമങ്ങൾ, എന്നിവ അവർ അനുഭവിക്കുന്ന ദുരനുഭവങ്ങളിൽ ചിലത് മാത്രം. ഇവരുടെ ശാരീരികവും മനസികവുമായ ആരോഗ്യത്തെ കുറിച്ച് നടത്തിയ പഠനങ്ങളിൽ വ്യക്തമാവുന്നത് ഭൂരിഭാഗം നഴ്സുമാരും മാനസിക പിരിമുറുക്കങ്ങൾക്ക് വിധേയമായിട്ടുണ്ട് എന്നതാണ്.ഇതിൽ തന്നെ25% പേരും വിഷാദ രോഗത്തിന് അടിമപ്പെട്ടവരുമാണ്.

അന്താരഷ്ട്ര നഴ്സസ്‌ദിനം ആഘോഷിക്കുകയും പരിചരണത്തിൻറെ സാമ്പത്തികശക്‌തി’ എന്ന ആശയം മുന്നോട്ടുവെക്കുകയും ചെയ്യുമ്പോൾ മികവ്, അനുകമ്പ, അഭിനിവേശം, ബഹുമാനം, സമഗ്രത, ഐക്യം ഇത്തരം മൂല്യങ്ങൾ ഉൾക്കൊള്ളന്ന നഴസുമാരുടെ അമൂല്യസംഭാവനകളെ നമുക്ക് അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യാം.

തയ്യാറാക്കിയത്.
Ms. Sheelamma Joseph
Regional Chief Nursing Officer- Aster MIMS Kozhikode

Leave a Reply

Your email address will not be published. Required fields are marked *