കോഴിക്കോട് കോൺഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാർഢ്യ റാലിക്ക് വിലക്ക്; വേദി നൽകാനാവില്ലെന്ന് ജില്ലാ ഭരണകൂടം

Kerala

കോഴിക്കോട്: കോഴിക്കോട്ട് കോൺഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാർഢ്യ റാലിക്ക് കടപ്പുറത്തെ വേദി നൽകാനാവില്ലെന്ന് ജില്ല ഭരണകൂടം. കോൺഗ്രസിന്റെ റാലി നവംബർ ഇരുപത്തിമൂന്നിനാണ് ക്രമീകരിച്ചിരിക്കുന്നത്. സർക്കാറിന്‍റെ നവകേരള സദസ് ഇതേ വേദിയിൽ 25 ന് നടക്കും. ഇക്കാരണം പറഞ്ഞാണ് കോൺഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാർഢ്യ റാലിക്ക് ജില്ല ഭരണകൂടം വിലക്കേർപ്പെടുത്തിയത് എന്നാണ് ഡിസിസി പ്രസിഡൻറ് പ്രവീൺ കുമാർ പറഞ്ഞത്.

പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെപിസിസിയുടെ നേതൃത്വത്തിലാണ് കോഴിക്കോട് കടപ്പുറത്ത് വമ്പിച്ച റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. എല്ലാ മതേതര-ജനാധിപത്യ വിശ്വാസികളെയും അണിനിരത്തിയാണ് ഈ മാസം 23 ന് വൈകുന്നേരം 4.30നാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യറാലി സംഘടിപ്പിക്കുകയെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞത്. റാലിയുടെ വിജയത്തിനും മറ്റു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി കോഴിക്കോട് എംപി എം.കെ.രാഘവന്‍ ചെയര്‍മാനും ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീണ്‍കുമാര്‍ കണ്‍വീനറുമായ സമിതിക്ക് കെപിസിസി രൂപം നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *