തിരുവനന്തപുരം: ഇന്ന് പുനരാരംഭിക്കുന്ന നാലുദിവസത്തെ നിയമസഭ സമ്മേളനം കടുത്ത രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയാവും. പുതുപ്പള്ളിയിലെ വിജയത്തിന്റെ കരുത്തിലാണ് പ്രതിപക്ഷം. കനത്ത തോല്‍വിയുടെ ക്ഷീണവുമായാണ് ഭരണപക്ഷം എത്തുക.അതിനിടെയാണ് സോളാര്‍ കേസുമായി ബന്ധപ്പെട്ട സി.ബി.ഐ കണ്ടെത്തല്‍ പുറത്തുവന്നത്. ഇന്ന് നിയമസഭയില്‍ പ്രതിപക്ഷം ഈ വിഷയം ശക്തമായി ഉന്നയിക്കും. അങ്ങനെയെങ്കില്‍ സഭ പ്രക്ഷുബ്ധമാകാനാണ് സാദ്ധ്യത. കരുവന്നൂരില്‍ ഇ.ഡി. അന്വേഷണവുമടക്കം സര്‍ക്കാരിനെതിരേ ഉപയോഗിക്കാനുള്ള ആയുധങ്ങള്‍ പ്രതിപക്ഷത്തിന് ആവോളമുള്ള ഘട്ടത്തില്‍ നിയമസഭാസമ്മേളനം ജനങ്ങൾ കാത്തിരിക്കുകയാണ്.
ചാണ്ടി ഉമ്മന്‍ ഇന്നു രാവിലെ 10 മണിക്ക് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യും. പിതാവിന്റെ ചരമോപചാരത്തിനും അദ്ദേഹത്തിന്റെ മരണം മൂലം ഒഴിവുവന്ന മണ്ഡലത്തില്‍ വിജയിച്ച മകന്റെ സത്യപ്രതിജ്ഞയ്ക്കും സാക്ഷ്യം വഹിക്കുന്നുവെന്ന പ്രത്യേകതയും പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനത്തിനുണ്ട്.