കോഴിക്കോട്:സംസ്ഥാനത്തെ ആശങ്കയിലാക്കിയ നിപ വൈറസ് വ്യാജ സൃഷ്ടിയാണെന്ന ആരോപണവുമായി ഫേസ്ബുക് പോസ്റ്റിട്ട യുവാവിനെതിരെ കേസെടുത്തതായി പൊലീസ്. കോഴിക്കോട് ജില്ലകാരനായ അനില്‍ കുമാര്‍ എന്നയാള്‍ക്കെതിരെയാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തത്. ഐടി ആക്‌ട് പ്രകാരമാണ് കേസ്.
നിപ വ്യാജ സൃഷ്ടിയാണെന്നും ഇതിനു പിന്നില്‍ വന്‍കിട ഫാര്‍മസി കംപനിയാണെന്നും ആരോപിച്ചായിരുന്നു ഫേസ്ബുക് പോസ്റ്റ്. ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്ന ഇത്തരം പോസ്റ്റുകള്‍ പൊതുസമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് പോസ്റ്റിനെതിരെ പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സംഭവം വിവാദമായ ഉടനെ അനില്‍ കുമാര്‍ പോസ്റ്റ് പിന്‍വലിച്ചെങ്കിലും കേസെടുക്കുകയായിരുന്നു.
അതേസമയം, കോഴിക്കോട്ട് ഒരാള്‍ക്ക് കൂടി നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് രോഗമുള്ളത്. നിപ പോസിറ്റീവായ വ്യക്തികള്‍ മറ്റ് ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസ് അറിയിച്ചു. ഇതോടെ നിപ ബാധിതരുടെ എണ്ണം അഞ്ചായി. നാലു പേരാണു ചികിത്സയിലുള്ളത്. നിപ ബാധിച്ച് ഒരാളുടെ മരണമാണ് സ്ഥിരീകരിച്ചത്. ആദ്യം മരിച്ചയാളിന്റെ പരിശോധന നടത്താത്തതിനാല്‍ നിപ സ്ഥിരീകരിക്കാനായിട്ടില്ല.