കേരളത്തിൽ നാലു പേർക്ക് നിപ്പ സ്ഥിരീകരിച്ചു; സമ്പർക്ക പട്ടികയിൽ 168 പേരെന്ന് ആരോഗ്യമന്ത്രി

Breaking Kerala

കോഴിക്കോട്: സംസ്ഥാനത്ത് നാലു പേർക്കു നിപ്പ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മരിച്ച രണ്ടു പേർക്കും ചികിത്സയിലുള്ള രണ്ടു പേർക്കുമാണു രോഗം സ്ഥിരീകരിച്ചത്. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സാംപിൾ പരിശോധനാഫലം കിട്ടിയതിനു പിന്നാലെയാണു നിപ്പയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ മന്ത്രി അറിയിച്ചത്.

കോഴിക്കോട് മരിച്ച രണ്ടുപേർക്കും നിപ്പ സ്ഥിരീകരിച്ചതായി നേരത്തേ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചിരുന്നെങ്കിലും ഇക്കാര്യം സംസ്ഥാനം സ്ഥിരീകരിച്ചിരുന്നില്ല. ആദ്യം മരിച്ചയാളുടെ ചികിത്സയിലുള്ള 9 വയസ്സുള്ള മകനും 24 വയസ്സുള്ള ഭാര്യസഹോദരനുമാണ് നിപ്പ സ്ഥിരീകരിച്ചത്. നാലു വയസ്സുള്ള മകൾ നെഗറ്റീവാണ്. ഭാര്യാ സഹോദരന്റെ പത്തു മാസം പ്രായമുള്ള കുഞ്ഞിനും നെഗറ്റീവാണ്. നിപ്പ സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ ഉള്ളവരുടെ വിശദാംശങ്ങൾ തേടുന്നുവെന്ന് മന്ത്രി അറിയിച്ചു. ഏഴു പേരാണ് ആകെ ചികിത്സയിലുള്ളത്. രോഗ ഉറവിട കേന്ദ്രങ്ങളായ രണ്ടിടങ്ങളിൽ നിയന്ത്രണം കർശനമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

കഴിഞ്ഞ ദിവസം മരിച്ച വ്യക്തിക്ക് ആദ്യം മരിച്ച വ്യക്തിയുമായി ആശുപത്രിയില്‍ നിന്നാണ് സമ്പർക്കമുണ്ടായത്. നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ മാസ്ക് നിർബന്ധമാക്കിയെന്നും മന്ത്രി അറിയിച്ചു. നിപ്പയെ അതിജീവിച്ച അനുഭവമുള്ളതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *