ബ്രസീല്‍ സൂപ്പര്‍താരം നെയ്മറും പങ്കാളി ബ്രൂണ ബിയാൻകാര്‍ഡിയും തമ്മില്‍ വേര്‍പിരിഞ്ഞു

Entertainment

സാവോപോളോ: മോഡലുമായുള്ള ചാറ്റ് പുറത്തുവന്നതിനു പിന്നാലെ ബ്രസീല്‍ സൂപ്പര്‍താരം നെയ്മറും പങ്കാളി ബ്രൂണ ബിയാൻകാര്‍ഡിയും തമ്മില്‍ വേര്‍പിരിഞ്ഞു.നെയ്മര്‍ ഓണ്‍ലി ഫാൻസ് മോഡലുമായി ഫോണില്‍ നടത്തിയ ചാറ്റുകള്‍ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

നെയ്മറിനും ബ്രൂണക്കും കഴിഞ്ഞ മാസമാണു പെണ്‍കുഞ്ഞ് പിറന്നത്. നെയ്മറിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ പ്രചരിക്കുന്നുണ്ട്. ഈ വര്‍ഷം ആദ്യം രണ്ടു യുവതികളുമായി ഒരു സ്പാനിഷ് ക്ലബില്‍ പാര്‍ട്ടി നടത്തുന്ന നെയ്മറിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ബ്രസീലില്‍നിന്നുള്ള ഓണ്‍ലി ഫാൻസ് താരം അലിന്‍ ഫരിയാസുമായി താരം നടത്തിയ ചാറ്റിങ്ങിന്റെ സ്ക്രീൻ ഷോട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

അലിനോട് താരം സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുന്നതിന്‍റെ സ്ക്രീൻ ഷോട്ടുകള്‍ ഉള്‍പ്പെടെയാണ് പ്രചരിക്കുന്നത്. അലിൻ തന്നെയാണ് ഇത് പുറത്തുവിട്ടതെന്നാണ് വിവരം. നെയ്മറുമായി വേര്‍പിരിയുന്ന വിവരം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ബ്രൂണ അറിയിച്ചത്. ഇതു തന്റെ സ്വകാര്യ വിഷയമാണെന്നും അഭ്യൂഹങ്ങള്‍ പരന്നതിനാലാണു വിശദീകരണം നല്‍കുന്നതെന്നും ബ്രൂണ പറഞ്ഞു.

‘ഇതൊരു സ്വകാര്യ വിഷയമാണ്, പക്ഷേ ഞാൻ ദിനേന വാര്‍ത്തകളിലും അഭ്യൂഹങ്ങളിലും തമാശകളിലും ഇടംപിടിക്കുന്നതിനാലാണ്, വേര്‍പിരിഞ്ഞ വിവരം അറിയിക്കുന്നത്. ഞങ്ങള്‍ മാവിയുടെ രക്ഷിതാക്കളാണ്. അതാണു ഞങ്ങളുടെ ബന്ധത്തിനു കാരണം’ -ബ്രൂണ പ്രതികരിച്ചു. പെണ്‍കുഞ്ഞ് പിറന്ന കാര്യം എക്സ് (ട്വിറ്റര്‍) പ്ലാറ്റ്ഫോമിലൂടെ നെയ്മര്‍ തന്നെയാണ് കഴിഞ്ഞമാസം ആരാധകരെ അറിയിച്ചത്.
‘ഞങ്ങളുടെ ജീവിതം പൂര്‍ണമാക്കാൻ മാവി എത്തി’ എന്നാണ് സൂപ്പര്‍താരം അന്ന് എക്സില്‍ കുറിച്ചത്. ബ്രൂണക്കൊപ്പം കുട്ടിയെ കൈയിലെടുത്ത് നില്‍ക്കുന്നതിന്‍റെയും ചുംബിക്കുന്നതിന്‍റെയും ചിത്രങ്ങളും താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. 2020ല്‍ കോവിഡ് കാലത്താണ് മോഡലും സോഷ്യല്‍ മിഡിയ ഇൻഫ്ലുവൻസറുമായ ബ്രൂണയും നെയ്മറും തമ്മില്‍ പ്രണയത്തിലാകുന്നത്. 2022ലാണ് ബന്ധം പുറംലോകം അറിയുന്നത്.

എന്നാല്‍, അതേ വര്‍ഷം തന്നെ ഇരുവരും പിരിഞ്ഞു. പിന്നാലെ കഴിഞ്ഞ ജനുവരിയില്‍ പ്രശ്‌നങ്ങള്‍ പറഞ്ഞുപരിഹരിക്കുകയായിരുന്നു. ഇതിനിടെ ഗര്‍ഭിണിയായ ബ്രൂണയോട് പരസ്യമായി ക്ഷമാപണം നടത്തി നെയ്മര്‍ രംഗത്തുവരികയും ചെയ്തു. പ്രണയിച്ച്‌ വഞ്ചിച്ചെന്ന പരാതികള്‍ക്കു പിന്നാലെയാണ് ബ്രൂണയോട് ഇൻസ്റ്റഗ്രാമിലൂടെ താരം ക്ഷമാപണം നടത്തിയത്. തനിക്ക് തെറ്റുപറ്റിയെന്നും നീയില്ലാത്തൊരു ജീവിതം ആലോചിക്കാനാകുന്നില്ലെന്നും താരം പറഞ്ഞു.

ബ്രൂണക്കൊപ്പം നില്‍ക്കുന്ന ചിത്രത്തോടൊപ്പം പോസ്റ്റ് ചെയ്ത് കുറിപ്പിലാണ് താരം മാപ്പപേക്ഷ നടത്തുന്നത്. കഴിഞ്ഞ സമ്മര്‍ ട്രാൻസ്ഫറിലാണ് താരം ഫ്രഞ്ച് ചാമ്ബ്യന്മാരായ പി.എസ്.ജിയില്‍നിന്ന് സൗദി ക്ലബ് അല്‍ ഹിലാലിലേക്ക് ചുവടുമാറ്റിയത്. താരത്തിന് മറ്റൊരു ബന്ധത്തില്‍ 12 വയസ്സുള്ള ഡാവി ലൂക എന്ന മകനുണ്ട്. നിലവില്‍ കാലിന് പരിക്കേറ്റ താരം ശസ്ത്രക്രിയക്കു പിന്നാലെ വിശ്രമത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *