കൊച്ചി: ഓട്ടിസം ദിനാചരണത്തോടനുബന്ധിച്ച് എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെയും ഇൻക്ലൂസിസ് ഓർഗ് ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ തുറവൂർ സാൻജോ സദൻ, കൂനമ്മാവ് സെന്റ്. ജോസഫ് ഫാത്തിമ, കിടങ്ങൂർ സെന്റ്. അൽഫോൻസ, ചാലക്കുടി ശാന്തിഭവൻ എന്നീ ഇൻക്ലൂസിസ് ഐ.ടി സ്കില്ലിംഗ് സെന്ററുകളിലെ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കുമായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ആലുവ മെട്രോ സ്റ്റേഷനിൽ വച്ച് അൻവർ സാദത്ത് എം.എൽ.എ കുട്ടികളെ സന്ദർശിച്ചു. ഓട്ടിസമുള്ള കുട്ടികളെ ഒറ്റപ്പെടുത്താതെ നമ്മിൽ ഒരാളായി അവരെ ചേർത്തു നിർത്തുകയും, പൊതുസമൂഹത്തിന് ബോധവത്കരണം നൽകുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ ഓട്ടിസം ദിന ബോധവത്കരണ സന്ദേശം നൽകി. സഹൃദയയുടെ പ്രവർത്തനങ്ങൾ ഓട്ടിസം ബാധിതരായ കുട്ടികളുടെ ഉന്നമനം ലക്ഷ്യം വച്ചു കൊണ്ടായിരിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ കുട്ടികളുടെ വാട്ടർ മെട്രോ യാത്രയ്ക്ക് ആശംസകൾ നേർന്നു. വൈസ് പ്രസിഡന്റ് എൽസി ജോർജ് കൗൺസിലർമാരായ ഷാരോൺ പനക്കൽ, ദീപു കുഞ്ഞുകുട്ടി, സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിബിൻ മനയമ്പിള്ളി എന്നിവർ സംസാരിച്ചു. ആലുവ മെട്രോ സ്റ്റേഷനിൽ നിന്നും വൈറ്റില മെട്രോ സ്റ്റേഷനിലേക്ക് ട്രെയിനിലും മറൈൻഡ്രൈവിൽ നിന്നും ഫോർട്ട് കൊച്ചിയിലേക്ക് വാട്ടർ മെട്രോയിലും യാത്ര നടത്തി. തുടർന്ന് കുട്ടികളുമായി എറണാകുളം പോലീസ് കമ്മീഷണർ ഓഫീസ് സന്ദർശിച്ചു. കമ്മീഷണർ ഇൻസ്പെക്ടർ ജനറൽ പദം സിംഗ് ഐ.പി.എസ് ഓട്ടിസം ബോധവത്കരണ ദിനാചാരണത്തിന്റെ ആശംസകൾ നേരുകയും കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. കുട്ടികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ലുലുമാൾ സന്ദർശിച്ചു കൊണ്ട് ബോധവത്കരണ പരിപാടികൾക്ക് സമാപനം കുറിച്ചു. സഹൃദയ ഇൻക്ലൂസിസ് സ്റ്റാഫംഗങ്ങളായ സെലിൻ പോൾ, സി. ജൂലി, സെബിൻ ജോസഫ്, റിനോയ് ജോണി, ജ്വാല ജിഷിൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.
ചിത്രം : സഹൃദയയുടെ നേതൃത്വത്തിൽ നടത്തിയ ലോക ഓട്ടിസം ബോധവത്കരണ ദിനാചരണ പരിപാടി. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, സെലിൻ പോൾ,റിനോയ് ജോണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, വൈസ് പ്രസിഡന്റ് എൽസി ജോർജ് കൗൺസിലർമാരായ ഷാരോൺ പനക്കൽ, ദീപു കുഞ്ഞുകുട്ടി, സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിബിൻ മനയമ്പിള്ളി എന്നിവർ കുട്ടികളോടൊപ്പം