കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടിലെ എസ്എഫ്ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ദില്ലി ഹൈക്കോടതി പരിഗണിക്കും. സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതി ഇന്നും വിശദമായ വാദം കേള്‍ക്കും. ജസ്റ്റിസ് ചന്ദ്രധാരി സിംഗ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കാണ് ഹര്‍ജിയിക്കുമേൽ വാദം കേള്‍ക്കുന്നത്. സിഎംആര്‍എല്‍ – എക്സാലോജിക് ഇടപാടിലെ എസ്എഫ്ഐഒ അന്വേഷണം ചട്ടവിരുദ്ധമെന്നാണ് സിഎംആര്‍എലിൻ്റെ വിശദീകരണം.
ആദായനികുതി സെറ്റില്‍മെൻ്റ് ബോര്‍ഡ് തീര്‍പ്പാക്കിയ കേസിലെ അന്വേഷണം നിയമ വിരുദ്ധമാണ്. ഷോണ്‍ ജോര്‍ജ്ജിന്റെ പരാതിയിലാണ് കമ്പനി രജിസ്ട്രാര്‍ അന്വേഷണം നടത്തുന്നത്. സെറ്റില്‍മെന്റ് കമ്മിഷന്‍ ചട്ടപ്രകാരം നടപടികള്‍ രഹസ്യ സ്വഭാവത്തിലായിരിക്കണം. രഹസ്യ രേഖകള്‍ പരാതിക്കാരനായ ഷോണ്‍ ജോര്‍ജ്ജിന് എങ്ങനെ കിട്ടിയെന്നുമാണ് സിഎംആര്‍എല്‍ ഉന്നയിച്ച വാദങ്ങള്‍. കേസുമായി ബന്ധമില്ലാത്ത മൂന്നാം കക്ഷിയാണ് ഷോണ്‍ ജോര്‍ജ്ജെന്നുമാണ് സിഎംആര്‍എലിന്റെ വാദം. കേസിലെ അന്വേഷണം പൂര്‍ത്തിയാക്കിയെന്നും രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കുമെന്നുമാണ് എസ്എഫ്ഐഒ നല്‍കിയ മറുപടി സത്യവാങ്മൂലം.