വെച്ചൂർ: വെച്ചൂർ ഗ്രാമപഞ്ചായത്ത് നടത്തിവന്നിരുന്ന ഊർജ്ജിത മാലിന്യ സംസ്ക്കരണ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ സമാപനത്തോടനുബന്ധിച്ച് പഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യ മുക്ത ഗ്രാമമായി പ്രഖ്യാപിച്ചു. ഇടയാഴം പള്ളി ഹാളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ. ഷൈലകുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റീസ് എൻ.നഗരേഷ് ഗ്രാമ പഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യ മുക്ത ഗ്രാമമായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്കരണശീലങ്ങൾ ജനങ്ങളുടെ സംസ്കാരമായി വളർത്തിയെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ചെറുപ്പകാലം മുതൽ തന്നെ വീടുകളിലും വിദ്യാലയങ്ങളിലും മാതാപിതാക്കളും അധ്യാപകരും കുട്ടികൾക്ക് പരിശീലനം നൽകണം. മാലിന്യ മുക്ത പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കുന്ന ജില്ലയിലെ ആദ്യ പഞ്ചായത്തായി മാറിയ വെച്ചൂരിൻ്റെ പ്രവർത്തനം ഏറെ മാതൃകാപരമാണെന്നും ലഹരിക്കെതിരെ നമ്മുടെ ഉത്തരവാദിത്വം എന്ന നിലയിൽ പഞ്ചായത്ത് നടത്തുന്ന ബോധവൽക്കരണ പരിപാടി അഭിനന്ദനാർഹമാണെന്നും അദ്ദേഹം കുട്ടിച്ചേർത്തു. വൈസ് പ്രസിഡൻ്റ് ബിൻസി ജോസഫ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.കെ മണിലാൽ, സോജി ജോർജ്ജ്, എസ്.ബീന, കോട്ടയം പി. എ. യു ജോയിൻ്റ് ഡയറക്ടർ ബെവിൻ ജോൺ വർഗീസ്, പഞ്ചായത്ത് സെക്രട്ടറി വി.എൻ റജിമോൻ, അസിസ്റ്റൻ്റ് സെക്രട്ടറി പി.എസ്.സുധീന്ദ്രബാബു തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് മാലിന്യ സംസ്ക്കരണത്തെ കുറിച്ച് മാലിന്യമുക്ത നവകേരളം ജില്ലാ കോ-ഓർഡിനേറ്റർ ടി.പി ശ്രീശങ്കർ ക്ലാസ് നയിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ഷാഹുൽ ലഹരിമുക്ത സെമിനാർ നയിച്ചു.
മാലിന്യ സംസ്കരണം സംസ്കാരമായി മാറ്റണം: ജസ്റ്റീസ് എൻ. നഗരേഷ്
