തൃശ്ശൂർ: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും സി.പി.എമ്മിൻ്റെ പി.ആർ പരിപാടി കൊണ്ട് വിശപ്പ് മാറില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബജറ്റിൽ അനുവദിച്ച പദ്ധതികൾക്ക് പോലും അനുമതി ലഭിക്കുന്നില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നത്. പ്ലാൻ എ ഇല്ലെങ്കിൽ പ്ലാൻ ബി ഉണ്ടാകും എന്നാണ് പറഞ്ഞത്. എന്നാൽ എന്താണ് പ്ലാൻ ബി എന്ന് മനസിലാകുന്നില്ലെന്നും സതീശൻ പറഞ്ഞു.
കേളത്തിൽ ഇനി ഒരുതരത്തിലുള്ള നികുതി വർധനവും അനുവദിക്കില്ല. ഓണക്കാലത്ത് സർക്കാർ ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. സോഷ്യൽ മീഡിയയിൽ ക്യാപ്സ്യൂൾ കൊടുത്തതു കൊണ്ട് ജനങ്ങൾക്ക് ഭക്ഷണം കഴിക്കാൻ കഴിയില്ലെന്നും, അഞ്ച് നയാ പൈസ കയ്യിലില്ലാത്ത അവസ്ഥയിലാണ് സർക്കാരെന്നും സതീശൻ ആഞ്ഞടിച്ചു.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സർക്കാർ നൽകുന്ന നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി പ്രഖ്യാപിക്കുമെന്നാണ് പറഞ്ഞതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ അങ്ങനെയൊരു മെമ്മോറാണ്ടം തയാറാക്കി വെച്ചിട്ടുണ്ടെന്നാണ് കരുതിയിരുന്നത്. വിശദമായിട്ടുള്ള ഒരു പ്ലാനും എസ്റ്റിമേറ്റും ഭാവിയിൽ ഉണ്ടാകാതിരിക്കാനുള്ള നടപടിയും പ്രധാനമന്ത്രിക്ക് സമർപ്പിക്കും എന്നാണ് കരുതിയത്. ഇന്നോ നാളെയോ സംസ്ഥാന സർക്കാർ അത് കൈമാറുമെന്നും സതീശൻ പറഞ്ഞു.