ന്യൂഡൽഹി : വന്ദേ ഭാരത് എക്പ്രസ് ട്രെയിനുകള്‍ രാജ്യം മുഴുവനും യാത്രകളില്‍ ഒരു തരംഗം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. കേരളത്തിലോടന്ന രണ്ട് വന്ദേ ഭാരതിനും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥ. പല റൂട്ടുകളിലും വന്ദേ ഭാരത് വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. എന്നാല്‍ കയറാനാളില്ലാതെ, സീറ്റുകളില്‍ മുക്കാല്‍ ഭാഗവും കാലിയടിച്ച് പോകുന്ന വന്ദേ ഭാരതും രാജ്യത്ത് ഓടുന്നുണ്ട് എന്നതാണ് അതിന്റെ യാഥാർത്ഥ്യം.മറ്റു ട്രെയിനുകളെ അപേക്ഷിച്ച് സൗകര്യവും സുരക്ഷിതത്വവും സമയലാഭവും കൂടുതലാണെങ്കിലും ടിക്കറ്റ് നിരക്ക് പലപ്പോഴും സാധാരണക്കാർക്ക് താങ്ങാൻ കഴിയില്ല.
അതുകൊണ്ടു തന്നെ വന്ദേ ഭാരതില്‍ കയറാന്‍ ആളുകള്‍ താല്പര്യപ്പെടുന്നില്ല. അങ്ങനെയൊരു സർവീസായി മാറിയിരിക്കുകയാണ് സെന്‍ട്രല്‍ റെയില്‍വേയുടെ കീഴിലുള്ള നാഗ്പൂർ-സെക്കന്ദരാബാദ് വന്ദേ ഭാരത് എക്‌സ്‌പ്രസ്.നിലവില്‍ 20 കോച്ചുകളും ഒഴിഞ്ഞ സീറ്റുകളുമായി ഓടുന്ന വന്ദേ ഭാരതിന്‍റെ കോച്ചുകള്‍ കുറയ്ക്കുവാൻ ഒരുങ്ങുകയാണ് റെയില്‍വേ. 2024 സെപ്റ്റംബർ 19-ന് ഓട്ടം തുടങ്ങിയ നാഗ്പൂർ-സെക്കന്ദരാബാദ് വന്ദേ ഭാരത് എക്‌സ്‌പ്രസ് ചുരുക്കം ദിവസങ്ങളിലൊഴിക മറ്റൊരിക്കലും സീറ്റുകള്‍ മുഴുവൻ ആളുകളായി സർവീസ് നടത്തിയിട്ടില്ല.