കൊച്ചി: സാമൂഹ്യ സാംസ്‌കാരിക സംഘടനയായ ട്രയാംഗിളിന്റെ ഉദ്ഘാടനവും വെബ്സൈറ്റ് പ്രകാശനവും നടന്നു. ഉദ്ഘാടനവും ലോഗോ പ്രകാശനവും മുന്‍ ചീഫ് സെക്രട്ടറി ശ്രീ ജിജി തോംസണ്‍ ഐഎഎസ് നിര്‍വഹിച്ചു. ഒരു വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണ് ട്രയാംഗിളെന്നും അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരായ പോരാട്ടത്തിന് വിജയം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കലൂര്‍ ഐഎംഎ ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍ എംപി ഡോക്ടര്‍ സെബാസ്റ്റിയന്‍ പോള്‍ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. എന്‍എ മുഹമ്മദ് കുട്ടി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മലയാളമനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്റര്‍ പി എ അലക്‌സാണ്ടര്‍ ചടങ്ങില്‍ ആശംസ അര്‍പ്പിച്ചു. പിആര്‍ഡി മുന്‍ റീജിയണല്‍ ഡയറക്ടര്‍ ബിടി അനില്‍കുമാര്‍ സ്വാഗതവും ബിവിന്‍ പീറ്റര്‍ നന്ദിയും പറഞ്ഞു. ജനാധിപത്യം, ഫെഡറലിസം, മതേരത്വം എന്നീ മൂന്ന് അടിസ്ഥാന തത്ത്വങ്ങളെ ആസ്പദമാക്കിയാണ് ട്രയാംഗിളിന്റെ പ്രവർത്തനം. സംസ്ഥാനത്തിന്റെ സമഗ്രമായ വികസനകാഴ്ചപ്പാടാണ് ട്രയാംഗിള്‍ ലക്ഷ്യം വെക്കുന്നത്. കേരളത്തിന്റെ സമഗ്രമായ മാറ്റം, സമസ്ത മേഖലയിലും സുസ്ഥിരമായ വികസനം, യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍, യുവാക്കളെ സംരംഭകരാക്കാനുള്ള അവസരം, കര്‍ഷകര്‍ക്ക് സമൂഹത്തില്‍ ഏറ്റവും മുന്തിയ പരിഗണന, മത്സ്യത്തൊഴിലാളികളുടെ സുരക്ഷിത ജീവിതം, ദളിത് ആദിവാസി സമൂഹങ്ങളുടെ പുനരുദ്ധാരണം, വയോജനക്ഷേമം, ന്യൂനപക്ഷ അവകാശ സംരക്ഷണം, സമ്പൂര്‍ണ്ണമായ അഴിമതി രഹിത സുതാര്യ പ്രവര്‍ത്തനം, ആരോഗ്യ, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളിലൊക്കെ ദീര്‍ഘവീക്ഷണമുള്ള പ്രവര്‍ത്തനം ഇതെല്ലാമാണ് ട്രയാംഗിളിന്റെ അടിസ്ഥാന പ്രവര്‍ത്തന മേഖലകള്‍.