ഗുരുവായൂർ: കുപ്രസിദ്ധ മോഷ്ടാവ് ഭണ്ഡാരം സജീഷ് ഗുരുവായൂർ പോലീസിന്റെ പിടിയിൽ.40ൽ അധികം മോഷണക്കേസുകളിൽ പ്രതിയാണ് സജീഷ്.സംസ്ഥാനത്തെ നിരവധി പോലീസ് സ്റ്റേഷൻ പരിധികളിൽ അമ്പല മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ.കഴിഞ്ഞ മാസം 24 ന് തമ്പുരാൻപടി ആലിക്കൽ ബ്രഹ്മ രക്ഷസ്സ് ക്ഷേത്രത്തിൽ നടന്ന മോഷണത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് അറസ്റ്റ്. സംഭവത്തിനു ശേഷം കർണാടകയിലും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലുമായി ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു.
തൃശൂർ ജില്ലാ പോലീസ് മേധാവി ആർ .ഇളങ്കോ ഐ പി എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മിഷണർ ടി എസ് സിനോജിന്റെ നിർദേശാനുസരണം തൃശൂർ സിറ്റി സ്‌ക്വാഡും ഗുരുവായൂർ പോലീസും ചേർന്ന് സുൽത്താൻ ബത്തേരി പോലീസിന്റെ സഹായത്താൽ ആണ് പിടി കൂടിയത്.
സ്വകാര്യ ലോഡ്ജിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ ലോഡ്ജിന്റെ രണ്ടാം നിലയിലുള്ള റൂമിന്റെ ജനൽ ചില്ലു തകർത്തു ചാടി രക്ഷപെടാൻ ശ്രമിക്കുകയും പിന്തുടർന്ന് വളരെ സാഹസപ്പെട്ടാണ് കീഴ്പ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ജൂൺ മാസം അവസാനം തവനൂർ ജയിലിൽ നിന്നും മോഷണ കേസിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ഇയാൾ മലപ്പുറം തേഞ്ഞിപ്പാലത്തു നിന്നും സ്കൂട്ടർ മോഷ്ടിക്കുകയും പിന്നീട് സ്കൂട്ടറിൽ സഞ്ചരിച്ചാണ് മോഷണം നടത്തിയിരുന്നത്.
ജയിലിൽ നിന്നും പുറത്തിറങ്ങിയ ഇയാൾ ജില്ലയിലെ വടക്കേകാട് ,ഗുരുവായുർ ,കുന്നംകുളം സ്റ്റേഷൻ പരിധികളിലും കോഴിക്കോട് ,മലപ്പുറം എന്നീ ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധിയിലെ അമ്പലങ്ങളിലും മോഷണം നടത്തിയതായി ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.
മോഷണം നടത്തി കിട്ടുന്ന പണം ഊട്ടി ,മൈസൂർ എന്നിവിടങ്ങളിൽ ആഡംബര ജീവിതം നയിക്കുന്നതിനാണ് ഇയാൾ ഉപയോഗിച്ചിരുന്നത്.40 ൽ അധികം മോഷണ കേസുകളിൽ പ്രതിയായ സജീഷ് നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.അന്വേഷണ സംഘത്തിൽ എസ് എച് ഒ പ്രേമാനന്ദ കൃഷ്ണൻ, എസ് ഐ വിജിത് ,നന്ദൻ ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷുക്കൂർ ,കൃഷ്ണപ്രസാദ് , സുമേഷ് ,സിവിൽ പോലീസ് ഓഫീസർമാരായ സന്ദീഷ് ,രാകേഷ് എന്നിവർ അന്വേഷണത്തിൽ പങ്കെടുത്തു.