ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചി മദ്യദുരന്തത്തിൽ പ്രധാന പ്രതിയെന്ന് കരുതുന്ന, വിഷമദ്യം ആളുകൾക്ക് വിതരണം ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചിന്നദുരൈ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മദ്യദുരന്തമുണ്ടായ കരുണപുരത്ത് ഇയാളാണ് വിഷ മദ്യം വിതരണം ചെയ്തതെന്നാണ് പൊലീസ് നിഗമനം. മരിച്ച 29 പേരുടെ മൃതദേഹങ്ങൾ അവരുടെ കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തു. രോഗം ബാധിച്ച മൂന്ന് പേർ സുഖം പ്രാപിച്ചു. എന്നാൽ മറ്റുള്ളവരുടെ നില ഗുരുതരമാണെന്നും കലക്ടർ അറിയിച്ചു. ജസ്റ്റിസ് ബി ഗോകുൽദാസ് (റിട്ടയേർഡ്) ഏകാംഗ കമ്മീഷൻ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. റിപ്പോർട്ട് നൽകാൻ മൂന്ന് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. നടപടിയുടെ ഭാഗമായി സംസ്ഥാന സർക്കാർ നിരവധി പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും കളക്ടറെ സ്ഥലം മാറ്റുകയും ചെയ്തു. സംഭവത്തിൽ ഇതുവരെ മൂന്ന് പേരാണ് അറസ്റ്റിലായത്. ദുരന്തത്തിൽ മരണം 55 ആയി. ദുരന്തം നിസ്സാരമല്ലെന്നും അന്വേഷണ റിപ്പോർട്ടുകൾ പൂഴ്ത്തി സർക്കാരിന് രക്ഷപ്പെടാനാകില്ലെന്നും രൂക്ഷവിമർശനമുയർത്തിയ മദ്രാസ് ഹൈക്കോടതി അടുത്ത ബുധനാഴ്ചയ്ക്കുള്ളിൽ വിശദമായ സത്യവാങ്മൂലം നൽകാൻ ഉത്തരവിട്ടിട്ടുണ്ട്.