മുബൈ: മഹാരാഷ്ട്രയിൽ ടീഷർട്ടിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്. പുതിയതായി വാങ്ങിയ ഷർട്ട് സുഹൃത്ത് ധരിച്ചത് ഇഷ്ട്ടപ്പെടാത്തതെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നാഗപൂർ സ്വദേശിയായ ശുഭം ഹരാനെയെയാണ് സുഹൃത്തായ പ്രയാഗ് അസോൾ കൊലപ്പെടുത്തിയത്. പ്രയാഗിൻ്റെ ജ്യേഷ്ഠൻ അക്ഷയുടെ പുതിയ ഷർട്ടിനെ ചൊല്ലിയാണ് തർക്കമുണ്ടായത്.അക്ഷയയുടെയും പ്രയാഗിൻ്റെയും സുഹൃത്താണ് കൊല്ലപ്പെട്ട ശുഭം ഹരാനെ. ഇയാൾ അക്ഷയുടെ ഷർട്ട് ചോദിക്കാതെ എടുത്ത് ധരിച്ചു. ഇത് ചോദ്യം ചെയ്ത് അക്ഷയ രംഗത്തെത്തുകയായിരുന്നു. പിന്നാലെ പ്രയാഗും വിഷയത്തിൽ ഇടപ്പെട്ടു. തർക്കവും വഴക്കും രണ്ട് ദിവസത്തോളം നീണ്ട് പോയി.
തർക്കം പതിയെ കയ്യാങ്കളിലേക്ക് കടന്നതോടെ തന്നെ ശുഭം മർദ്ദിച്ചെന്ന് കാണിച്ച് അക്ഷയ പൊലീസിൽ പരാതിനൽകി. ഇതേ തുടർന്നുണ്ടായ തർക്കത്തിലും പ്രയാഗും ഇടപ്പെടുകയായിരുന്നു. ഈ തർക്കത്തിനൊടുവിലാണ് പ്രയാഗ് ശുഭത്തെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.