കല്‍പ്പറ്റ: വഖഫ് വിഷയത്തിലെ വിവാദ പ്രസംഗത്തില്‍ കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതിയുമായി കോൺഗ്രസ്. കോണ്‍ഗ്രസ് മീഡിയ പാനലിസ്റ്റ് അനൂപ് വി ആര്‍ ആണ് പരാതി നല്‍കിയത്. നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതം എന്നായിരുന്നു വഖഫിനെ പേരെടുത്ത് പറയാതെ സുരേഷ് ഗോപി സൂചിപ്പിച്ചത്. വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു പരാമര്‍ശം.
‘നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതമാണ്. ഭാരതത്തില്‍ ആ കിരാതം ഒതുക്കിയിരിക്കും. ഞങ്ങള്‍ക്ക് മുനമ്പത്തെ സുഖിപ്പിച്ച് ഒന്നും നേടേണ്ട. ജാതിയും മതവും നോക്കാതെ, പ്രജയാണ് ദൈവം എന്ന രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തെ പിന്തുണക്കണം. മുനമ്പത്ത് മാത്രമല്ല, ഒരു വിഭാഗത്തെ മാത്രം സംരക്ഷിക്കാനല്ല, മറിച്ച് ഇന്ത്യാ മഹാ രാജ്യത്തെ ഒന്നാകെ സംരക്ഷിക്കാനാണ് നരേന്ദ്ര മോദി നെഞ്ചും വിരിച്ചു നില്‍ക്കുന്നത്’, എന്നായിരുന്നു സുരേഷ് ഗോപി പ്രസംഗത്തിൽ പറഞ്ഞത്.