പാലക്കാട്: പാലക്കാട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍മുറിയില്‍ നടന്ന പൊലീസ് പരിശോധന തിരക്കഥയുടെ ഭാഗം ആണ് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ പറഞ്ഞു. മറ്റ് രാഷ്ട്രീയ പാര്‍ട്ടിയിലെ നേതാക്കളുടെ മുറിയിലും പരിശോധന നടത്തിയിരുന്നു. എന്നാല്‍ അതൊന്നും വാര്‍ത്തയായില്ലല്ലോ. അന്വേഷണത്തിന് ശേഷം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍ അതിലും അപാകതയുണ്ടായിരുന്നു. സ്ത്രീകളുടെ മുറിയില്‍ കയറിയതിനെതിരെ രാഷ്ട്രീയം മാറ്റിവെച്ച് പ്രതിഷേധിക്കും. ഒന്നും പറയാന്‍ ഇല്ലാത്തവരുടെ അവസാനത്തെ കച്ചിത്തുരുമ്പായിരുന്നു പരിശോധനയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
പാലക്കാട് കെപിഎം റീജന്‍സിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ താമസിക്കുന്ന മുറികളില്‍ പുലര്‍ച്ചെ 2.45ഓടെയായിരുന്നു പൊലീസ് റെയ്ഡ് നടത്തിയിരിക്കുന്നത്. 12 മുറികളില്‍ മാത്രമാണ് പരിശോധന നടത്തിയത്. ആകെ 42 മുറികളാണ് ഹോട്ടലിലുള്ളത്. രാഷ്ട്രീയ നേതാക്കള്‍ താമസിക്കുന്ന മുറികളില്‍ മാത്രമാണ് പരിശോധന നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഹോട്ടല്‍ കെട്ടിടം മുഴുവന്‍ പരിശോധിക്കണമെന്നായിരുന്നു എല്‍ഡിഎഫിന്റെയും എന്‍ഡിഎയുടെയും ആവശ്യം. സംഭവത്തില്‍ ഹോട്ടല്‍ മാനേജ്‌മെന്‌റ് പരാതി രേഖപെടുത്തിയിട്ടുണ്ട്.