തൃശൂർ : എരുമപ്പെട്ടി കൂട്ടഞ്ചേരി ഗവൺമെന്‍റ് എൽപി സ്കൂൾ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ ശയന പ്രദക്ഷിണം നടത്തി. ഒന്നു മുതൽ അഞ്ചുവരെയുള്ള ക്ലാസുകളിൽ പിഞ്ചു കുട്ടികൾ പഠിക്കുന്ന സ്കൂളിലേക്കുള്ള റോഡ് മുഴുവൻ പൊട്ടിപ്പൊളിഞ്ഞ് വളരെ ശോചനീയമായ അവസ്ഥയിലാണ്. മഴക്കാലമായതിനാൽ റോഡിൽ ചളി കെട്ടിക്കിടന്ന് പിഞ്ചുകുട്ടികൾ തെന്നി വീഴുന്നത് ഇവിടെ നിത്യസംഭവമാണെന്ന് നാട്ടുകാര്‍ പറയുന്നു. സ്കൂളിലേക്ക് കുട്ടികളുമായി വരുന്ന ഇരുചക്ര വാഹനങ്ങൾ തെന്നി വീഴുന്നത് പതിവായിരിക്കുന്നു. ഇതുമൂലം സ്കൂളിലേക്ക് കുട്ടികളെ വിടുവാൻ രക്ഷിതാക്കൾ മടിക്കുന്ന സാഹചര്യവുമുണ്ട്.
ബ്ലോക്ക് മെമ്പർ ഉൾപ്പെടെ രണ്ടു മെമ്പർമാർ ഈ വാർഡിൽ ഉണ്ടായിട്ടും റോഡ് നന്നാക്കുവാൻ യാതൊരു നടപടിയും സ്വീകരിക്കാത്ത അധികൃതരുടെ നടപടിയിലാണ് ബിജെപി പ്രതിഷേധം. പ്രതിഷേധ സമരം ബിജെപി എരുമപ്പെട്ടി മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് കുമാർ കുട്ടഞ്ചേരിയുടെ അധ്യക്ഷതയിൽ ബിജെപി എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡണ്ട് വിഷ്ണു അമ്പാടി ഉദ്ഘാടനം ചെയ്തു.