ദോഹ: ഖത്തറിൽ നടക്കുന്ന ഫിഫ അറബ് കപ്പിന്റെ ട്രോഫി നേരിൽ കാണാനുള്ള അവസരമൊരുക്കി സംഘാടകരായ ഖത്തർ ലോക്കൽ ഓർഗനൈസിങ് കമ്മിറ്റി. സൗദി അറേബ്യ, യു.എ.ഇ അടക്കം അഞ്ച് ജി.സി.സി രാജ്യങ്ങളിലേക്കുള്ള അറബ് കപ്പ് ട്രോഫി ടൂർ പ്രഖ്യാപിച്ചു. ടൂർണമെന്റിന് മുന്നോടിയായി അറബ് കപ്പ് ട്രോഫി നേരിൽ കാണാനും ഒപ്പം ചിത്രങ്ങൾ പകർത്താനും മേഖലയിലെ ഫുട്ബാൾ ആരാധകർക്കുള്ള അവസരമാണിത്.2025 ഫിഫ അറബ് കപ്പ് ഡിസംബർ 1-18 വരെ ഖത്തറിലെ ആറ് ലോകകപ്പ് വേദികളിലായി നടക്കും. അഹമ്മദ് ബിൻ അലി, എജുക്കേഷൻ സിറ്റി, ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം, സ്റ്റേഡിയം 974 എന്നിവിടങ്ങളിലായാണ് അറബ് കപ്പ് മത്സരങ്ങൾ അരങ്ങേറുക. ഖത്തർ ദേശീയ ദിനമായ ഡിസംബർ 18ന് വൈകീട്ട് ഏഴു മണിക്ക് ലുസൈൽ സ്റ്റേഡിയത്തിലാണ് ഫൈനൽ നടക്കുക.സൗദി അറേബ്യ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, യു.എ.ഇ എന്നിവടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ പ്രത്യേക ബൂത്ത് സജ്ജീകരിച്ചാകും ട്രോഫി ടൂർ. ഒക്ടോബർ 15-19 വരെ സൗദിയിലെ ജിദ്ദ റെഡ് സീ മാളിലും ബഹ്റൈനിലെ അവന്യൂസ് മാളിലും ട്രോഫി ടൂർ നടക്കും. നവംബർ 12-16 വരെ റിയാദിലെ ദി ബോളെവാഡിലും 19 – 23 വരെ ദമ്മാമിലെ അൽ നഖീൽ മാളിലും ട്രോഫി ടൂർ സംഘടിപ്പിക്കും. ഒക്ടോബർ 29 – നവംബർ രണ്ടു വരെ കുവൈത്തിലെയും ഒമാനിലെയും അവന്യൂസ് മാളുകളിലായാണ് ട്രോഫി പ്രദർശിപ്പിക്കുക. നവംബർ അഞ്ചു മുതൽ ഒമ്പതുവരെ ദുബൈ മാളിലും അബൂദബി യാസ് മാളിലും ട്രോഫി പ്രദർശനമുണ്ടാകും. ഇത് രണ്ടാം തവണയാണ് ഖത്തർ അറബ് കപ്പിന് വേദിയാകുന്നത്.
ഖത്തറിൽ നടക്കുന്ന ഫിഫ അറബ് കപ്പിന്റെ ട്രോഫി ടൂർ പ്രഖ്യാപിച്ചു
