അയ്യായിരം വർഷത്തിനു മേൽ പഴക്കമുള്ള പ്രാചീന കായിക രൂപമാണ് ഗുസ്തി . രണ്ട് മൂന്ന് പതിറ്റാണ്ടു മുൻപ് വരെ വലിയ തോതിൽ പ്രചാരകരവും ആസ്വാദകരും ഗുസ്തി ക്ക് ഉണ്ടായിരുന്നു. ദേശീയ – സംസ്ഥാന ഔദ്യോഗിക കായിക മൽസരങ്ങളിലെ മുഖ്യഇനങ്ങളിലൊന്ന് ഗുസ്തി തന്നെയായിരുന്നു. ഗുസ്തി രക്തത്തിലലിഞ്ഞ യു പി , ബീഹാർ ഹരിയാനാ . പഞ്ചാബ് സംസ്ക്കാരങ്ങളിൽ ഇപ്പോഴും അത് തനത് പ്രഭാവവും പ്രചാരവും നിലനിർത്തിപ്പോരുന്നു.
കേരളത്തിലും ഗ്രാമഗ്രാമാന്തരങ്ങളിൽ പോലും , വാശിയെറിയ മൽസരങ്ങളും പരിശീലനവും ഒക്കെ സജീവമായി നടന്നിരുന്ന ഒരു സുവർണകാലം ഗുസ്തിക്കുണ്ടായിരുന്നു.
പ്രമുഖരായ ഗുസ്തി താരങ്ങൾ തന്നെയായിരുന്നു അടുത്ത തലമുറയെ ഗുസ്തി അഭ്യസിപ്പിക്കുന്ന അധ്യാപകർ അഥവാ ആശാൻമാരും.
ഓലമേഞ്ഞ കളരികളിലും ആശാൻമാരുടെ വീട്ടുമുറ്റങ്ങളിലുമായിരുന്നു കളരി പഠനങ്ങൾ.
പ്രാദേശിക തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പ്രതിവർഷം സമയബന്ധിതമായി ഗുസ്തി മൽസരങ്ങൾ അരങ്ങേറിയിരുന്നു. ഈ കായിക രൂപത്തിന്റെ വളർച്ചക്കും വികാസത്തിനും വേണ്ടി സമയവും ജീവിതവും ഉഴിഞ്ഞുവച്ച ചാമ്പ്യൻമാരായിരുന്ന കല്ലൻ നാരായണ പിള്ള . എം. കെ. രാഘവൻ നായർ (ഫയൽവാൻ മാസ്റ്റർ ) കെ. കെ കുര്യാക്കോസ് (കക്കാട്ട് കുറുവാച്ചൻ ) ഏന്നിവർ മികച്ച പരിശീലകരും കൂടിയായിരുന്നു.
സെമി വെയ്റ്റ് , ഹെവി വെയ്റ്റ് ഏന്നീ രണ്ട് ഇനങ്ങളിലായിരുന്നു പ്രധാനമായിരുന്നു പ്രധാനമായും മൽസരങ്ങൾ നടനിരുന്നത്
70 കിലോഗ്രാമിൽ താഴെയുള്ളവർ സെമി യിലും അതിനു മുകളിലേ ക്കുള്ളവർ ഹെവി വെയ്റ്റ് വിഭാഗത്തിലും മൽസരിച്ചിരുന്നു
സമർപ്പിതമായ മനസ്സും , കഠിനമായ പരിശീലനവും ആവശ്യമായ കായിക രൂപമാണ് ഗുസ്തി.
അച്ചടക്കവും നിഷ്ഠകളും അത്യാവശ്യ ഘടകമായ ഗുസ്തി താരതമ്യേന ചിലവേറിയ ഒരു മൽസര ഇനമാണ്. മൽസരാർത്ഥിയുടെ ഭക്ഷണക്രമമാണ് ഇത്.
മാംസം , പാൽ , മുട്ട , നേന്ത്രപ്പഴം. . പരിപ്പ് പയർ തുടങ്ങിയവയടക്കം പ്രോട്ടീനും വിറ്റാമിനുകളുമടങ്ങുന്ന ചിലവേറിയ ഭക്ഷണം സമയാസമയത്ത് കൃത്യമായ അളവിൽ നിർബന്ധമാണ്.
ഇത് മൻസരാർത്ഥി സ്വന്തനിലയിൽ വഹിക്കണം. കഴിവും , ശാരീരിക ക്ഷമതയുമുള്ള നിരവധി കൗമാരക്കാരും യുവാക്കളും ഉണ്ടങ്കിലും ഭാരിച്ച ഭക്ഷണ ചിലവ് താങ്ങാൻ കഴിവില്ലാത്തതാണ് പ്രശ്നമാകുന്നത്. മറ്റു കായിക ഇനങ്ങളിലെ പോലെ ഗുസ്തി താരങ്ങളെ ഈ ചില വെല്ലാം വഹിച്ച് സ്പോൺസർ ചെയ്യാൻ സാധാരണ ഗതിയിൽ വ്യക്തികളൊ , സ്ഥാപനങ്ങളോ , സംഘടനകളോ മുന്നോട്ട് വരാറുമില്ല.
ഭാരതത്തിൽ രൂപം കൊണ്ട് , പിച്ചവച്ച് വളർന്ന് , പടർന്നു പന്തലിച്ച കായിക രൂപമാണങ്കിലും , നീയമാവലികളും , സമ്പ്രദായങ്ങളും ചിട്ടപ്പെടുത്തിയതും നമ്മൾ തന്നെയാണെങ്കിലും അന്താരാഷ്ട്ര തലത്തിൽ ഗുസ്തിയിൽ ഏറെ പിന്നിലാണ് ഇന്ത്യ
രണ്ട് പ്രാവശ്യം മാത്രമാണ് ഇന്ത്യക്ക് ഗുസ്തിയിൽ ഒളിംപിക്സ് മെഡൽ നേടാനായത്,1952 ൽ മഹാരാഷ്ട്ര സ്വദേശിയായ കെ. ഡി. യാദവ് ഒളിംപിക്‌സിൽ വെങ്കല മെഡൽ നേടി.
2008ലെ ബീജിംഗ് ഒളിംപിക്സിൽ ഇന്ത്യയുടെ സുശീൽ കുമാർ (66 കിലോഗ്രാംവിഭാഗം ) വെങ്കല മെഡൽ നേടി
ഭാരതീയർ രൂപം കൊടുത്ത കായിക രൂപത്തിൽ മികച്ചവരായി മാറി മറ്റു രാജ്യങ്ങൾ നമ്മളെ തന്നെ തുടർച്ചയായി പരാജയപ്പെടുത്തുന്ന ദുരവസ്ഥയാണ് ഇന്നുള്ളത്.
പഹൽവാനി ഏന്നു കൂടി അറിയപ്പെടുന്ന ഭാരതീയ ഗുസ്തി സമ്പ്രദായത്തിൽ നാല് ശൈലികൾ അഥവാ തന്ത്രങ്ങളാണ് പ്രധാനമായുള്ളത്.
ഹനുമന്തി. ജാമ്പുവന്തി . ജരാസന്ധി , ഭീമസേനി ഏന്നിവയാണിത് . മഹാഭാരത , രാമായണങ്ങളിൽ പരാമർശിക്കുന്ന പുരാണപുരുഷൻമാരും മല്ലയുദ്ധ വിശാരദൻ മാരുമായ ശ്രീഹനുമാൻ സ്വാമി , ജാംബവാൻ , ജരാസന്ധ ചക്രവർത്തി. വായു പുത്രനും മഹാശക്തനുമായ ഭീമസേനൻ ഏന്നിവരാണ് ഈ സമ്പ്രദായങ്ങൾ ചിട്ടപ്പെടുത്തിയതെന്നാണ് വിശ്വാസം
നിരന്തരവും നിശിതവുമായ ആക്രമണത്തിലൂടെ ഏതിരാളിയെ പരാജയപ്പെടുത്തുന്ന രീതിയാണ് ഹനുമന്തി.കൈകാലുകൾ ഉപയോഗിച്ച് പൂട്ടുകളിട്ട് ഏതിരാളിയെ കീഴ്പ്പെടുത്തുന്നതാണ് ജാംബുവന്തി
ഏതിരാളിയുടെ ശരീരത്തിൽ ക്ഷതവും പരിക്കുമേൽപ്പിച്ച് തോൽപ്പിക്കുന്നതാണ് തെല്ല് പ്രാകൃതമായ ജരാസന്തി.
അജയ്യമായ കരുത്തും കായികശേഷിയും കൊണ്ട് ഏതിരാളിയെ തോൽപ്പിക്കുന്ന ശൈലിയാണ് ഭീമസേനി
(ചാമ്പ്യൻ കല്ലൻ നാരായണ പിള്ള ജരാസന്തിയിലും., ഏറ്റുമാനൂർ ഗവ.സ്കൂൾ അധ്യാപകൻ കൂടിയായിരുന്ന ചാമ്പ്യൻ എം. കെ. രാഘവൻ നായർ (ഫയൽവാൻ മാസ്റ്റർ ) ഭീമസേനിയിലും കക്കാട്ട് കുറുവാച്ചൻ (കെ. കെ. കെ. ഏന്നും അറിയപ്പെട്ടിരുന്നു.) ഹനുമന്തിയിലും വിദഗ്ധരായിരുന്നു.
ഗുസ്തി ഏന്ന കായിക രൂപത്തിന് ഇനിയും ഏറെ സാധ്യതകളുണ്ട്. ഒളിംപിക്സിൽ ഇന്ത്യൻ താരങ്ങളായ യാദവിനും , സുശീലിനും വെങ്കല മെഡൽ കൊണ്ട് തൃപ്തിപ്പെടെണ്ടി വന്ന സ്ഥിതിയിൽ നിന്നുയർന്ന് ഗുസ്തി പിറന്നുവീണ മണ്ണിലെക്ക് തന്നെ സ്വർണ മെഡൽ ഏത്തണം.
അതിന് ഈ കായിക രൂപത്തിന് അർഹമായ പ്രാധാന്യം നൽകി പ്രൊൽ സാഹിപ്പിക്കുവാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകളും കായിക വകുപ്പും പദ്ധതികൾ ആവിഷ്കരിക്കണം.സ്കൂൾ , കോളെജ് കായിക മൽസരങ്ങളിൽ ഗുസ്തി ഉൾപ്പെടുത്തണം.
താരങ്ങൾക്കുള്ള പരിശീലന – ഭക്ഷണ ചിലവ് തൽക്കാലം സർക്കാർ വഹിച്ച് തന്നെ മുഖ്യധാരയിലേക്ക് കൊണ്ടു വരണം.
മൽസരങ്ങൾ ആവേശകരവും ശ്രദ്ധേയവുമായാൽ പരസ്യ വരുമാനം ലക്ഷ്യമിട്ട് താരങ്ങളെ സ്പോൺസർ ചെയ്യാൻ സ്ഥാപനങ്ങൾ മുന്നോട്ടു വരും. ഗുസ്തി താരങ്ങളായ വിദ്യാർത്ഥികൾക്ക് പ്രത്യേക മാർക്കും ജോലിയിൽ സ്പോർട്ട്സ് ക്വാട്ടാ ഉൾപ്പെടെ മറ്റു കായിക ഇനങ്ങളിലെ താരങ്ങൾക്കു തുല്യമായ പരിഗണയും ലഭിക്കണം.
ഇവയൊക്കെ ഏർപ്പെടുത്തിയാൽ നമ്മുടെ സംസ്ക്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമായ ഈ കായിക രൂപത്തെ പഴയ പ്രഭാവത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കഴിയും.