ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് പൊൻമാൻ. തിയേറ്ററുകളിൽ ഹിറ്റടിച്ച ചിത്രം ഇപ്പോൾ ഒടിടിയിൽ എത്തിയിരിക്കുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്. ഒടിടിയിൽ എത്തിയതിന് പിന്നാലെ ചിത്രം ഹോട്സ്റ്റാറിലും ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്.
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ചിത്രം, ജി ആർ ഇന്ദുഗോപൻ്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.